Sunday, December 9, 2012


വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? അതിന്‌ എം.എല്‍.എ. ആകേണ്ട കാര്യംപോലുമില്ല. മലയാളി സമൂഹം അദ്ദേഹത്തെ ആ നിലയില്‍ കൊണ്ടെത്തിച്ചുകഴിഞ്ഞു.
അങ്ങനെ ഒരുപാടുപേരുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടു ഭൂമിദാനക്കേസും ചീറ്റിപ്പോയി. പത്രങ്ങള്‍ ഈ കേസിനെച്ചൊല്ലി വിവാദങ്ങള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുന്ന സമയത്തൊക്കെ വി.എസ്‌. അച്യുതാനന്ദന്‍ കുലുങ്ങാതെ നിന്നതിന്റെ പൊരുള്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും മനസിലായി. കീശയ്‌ക്കകത്തു കനമില്ലാത്തവന്‍ എന്തിനാണു പോക്കറ്റടിക്കാരെ ഭയപ്പെടുന്നത്‌?
ഈ കേസുമായി ബന്ധപ്പെട്ടു പത്രങ്ങള്‍ എഴുതിവച്ച കാര്യങ്ങള്‍ വായിച്ചാല്‍ തലതല്ലി ചിരിച്ചുപോകും. വി.എസ്‌. രാജിവയ്‌ക്കും. വി.എസ്‌. ബാധയില്‍നിന്നു പിണറായി രക്ഷപ്പെടും. അതോടെ നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച്‌ സി.പി.എം. അധികാരം പിടിക്കും. ഒന്നും സംഭവിക്കാന്‍ പോണില്ല. വി.എസ്‌. രാജിവയ്‌ക്കാതിരിക്കുന്നതാണു ഭരണത്തിനു സുരക്ഷിതം എന്നിരിക്കേ എന്തിനാണ്‌ യു.ഡി.എഫ്‌. സര്‍ക്കാര്‍ വി.എസിനെ വേട്ടയാടുന്നതെന്നു യുക്‌തിയുള്ള ആളുകളൊക്കെ ചോദിക്കും. അഴിമതിക്കാരായ രാഷ്‌ട്രീയനേതാക്കളെ പെറുക്കിക്കൂട്ടി മാഫിയകള്‍ പുതിയ സമവാക്യങ്ങള്‍ രചിക്കുമ്പോള്‍ എല്ലാ യുക്‌തികള്‍ക്കും അപ്പുറത്തേക്കു കാര്യങ്ങള്‍ നീങ്ങും.
കേരളം കണ്ട ഏറ്റവും ബുദ്ധിശാലിയായ രാഷ്‌ട്രീയനേതാക്കളില്‍ ഒരാളാണു വി.എസ്‌. കോടതിവിധി വന്നയുടനെ വി.എസ്‌. നടത്തിയ പ്രസ്‌താവന അദ്ദേഹത്തിന്റെ ബുദ്ധിയുടെ കൂര്‍മത ബോധ്യപ്പെടും. തന്നെ പ്രതിപക്ഷനേതാവുസ്‌ഥാനത്തുനിന്നു തെറിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഗൂഢാലോചന നടത്തുന്നുവെന്നാണു വി.എസ്‌. നടത്തിയ നിരീക്ഷണം. വി.എസിന്റേത്‌ ഒരു മണ്ടന്‍ പ്രസ്‌താവനയായാണു പ്രത്യക്ഷത്തില്‍ തോന്നുക. വി.എസിനെ പ്രതിപക്ഷനേതാവുസ്‌ഥാനത്തുനിന്നു മാറ്റിയിട്ട്‌ ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും എന്തു കിട്ടാനാണ്‌? വി.എസിന്റെ പ്രസ്‌താവനയ്‌ക്കു മറുപടിയായി പിണറായിയുടെ പ്രസ്‌താവനയും വന്നു.
പൊതിച്ച ഇളനീരിന്റെ ഏതു കണ്ണില്‍ കുത്തിയാലാണു വെള്ളം പുറത്തേക്കു ചീറ്റുകയെന്നു വി.എസിനു നന്നായറിയാം. വി.എസ്‌. ആഗ്രഹിച്ച ഇടത്തുനിന്നുതന്നെ പ്രതികരണം വന്നു. തന്നെ പ്രതിപക്ഷനേതാവിന്റെ സ്‌ഥാനത്തുനിന്നു മാറ്റേണ്ടത്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലെന്നു വി.എസിനെ ആരെങ്കിലും പഠിപ്പിക്കണോ? ബുദ്ധിശാലിയായ ഒരു രാഷ്‌ട്രീയനേതാവ്‌ ഒരു പ്രസ്‌താവന നടത്തിയാല്‍ അതില്‍ ഒരുപാടു ഗുട്ടന്‍സുകള്‍ കാണും. ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി എന്നൊക്കെ വി.എസ്‌. പറയുമ്പോള്‍ ആ പേരുകളെ അങ്ങനെതന്നെ വായിക്കരുത്‌. മറിച്ചിട്ടു വായിക്കണം. സി.പി. എമ്മിലെതന്നെ ചില പേരുകളായി അതു മാറും. ആ പേരുകളെക്കുറിച്ച്‌ അന്വേഷിക്കാനാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹം മീഡിയാക്കാരോടു പറഞ്ഞത്‌. തന്റെ തകര്‍ച്ച സ്വപ്‌നം കാണുന്നവരെ വീണ്ടും വീണ്ടും അദ്ദേഹം നിരാശപ്പെടുത്തുകയാണ്‌. ഇനി പ്രതിപക്ഷ നേതാവിന്റെ സ്‌ഥാനത്തുനിന്ന്‌ അദ്ദേഹത്തെ മാറ്റിയിട്ടും കാര്യമില്ല. വി.എസ്‌. വിചാരിച്ചാല്‍ മരണം വരെയും അദ്ദേഹം തന്നെയാണു കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? അതിന്‌ എം.എല്‍.എ. ആകേണ്ട കാര്യംപോലുമില്ല. മലയാളി സമൂഹം അദ്ദേഹത്തെ ആ നിലയില്‍ കൊണ്ടെത്തിച്ചുകഴിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പ്രതിപക്ഷ നേതാവും അദ്ദേഹം തന്നെയായിരുന്നു. വി.എസിനെ ആര്‍ക്കാണു പേടി എന്നതു കാലം നമുക്കു പറഞ്ഞുതന്നുകൊണ്ടേയിരിക്കുന്നു.
ഏതു സമരമുഖത്തും വി.എസ്‌. കാലുകുത്തുമ്പോള്‍ ആ സമരത്തിന്റെ ഗതിമാറുന്നതു കാണാം. നഴ്‌സുമാരുടെ സമരം തന്നെ ഉദാഹരണം. ഒരു സംസ്‌ഥാനത്തെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സാധ്യമാവാത്തതു വി.എസിനു സാധ്യമായതു നമ്മള്‍ കണ്ടതാണ്‌. എന്നാല്‍ ഇവയെല്ലാം അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്‌ ഇതിലൊരു പങ്കുമില്ല. പാര്‍ട്ടിയും വി.എസും. രണ്ടു വഴിക്കാണ്‌ ഇപ്പോഴും. പിണറായിയുടെ ഭാര്യ കപ്പ പുഴുങ്ങി വി.എസിനു കൊടുത്തിട്ടോ വി.എസിന്റെ ഭാര്യ ചക്ക പുഴുങ്ങി തിരിച്ചു പിണറായിക്കു കൊടുത്തിട്ടോ ഒന്നും പരിഹരിക്കാവുന്നതല്ല പ്രത്യയശാസ്‌ത്രത്തിന്റെ പ്രശ്‌നം. മണ്ണിന്റേയും അടുപ്പിന്റേയും ഒന്നും രാഷ്‌ട്രീയം ഇനി സി.പി.എമ്മിനു മനസിലാവില്ല. ചന്ദ്രശേഖരനെപ്പോലെയുള്ളവരെ കൊന്നുകളഞ്ഞ്‌ അവരുടെ വീടുകളിലെ അടുപ്പുകളിലേക്കു വെള്ളം കോരിയൊഴിച്ച്‌ തെരുവില്‍ അടുപ്പു കത്തിക്കുന്നതിന്റെ പരിഹാസ്യതയെക്കുറിച്ച്‌ കെ.കെ. രമ പറഞ്ഞതു പ്രസക്‌തമാണ്‌. വിറകടുപ്പ്‌ ഒരു രാഷ്‌ട്രീയം തന്നെയാണ്‌. ദരിദ്ര ജനലക്ഷങ്ങളുടെ സമരാഗ്നി പടരുന്ന ഇടം. ആ ദരിദ്രരെ സി.പി.എമ്മും കോണ്‍ഗ്രസുമൊക്കെ എന്നേ ഉപക്ഷിച്ചതാണ്‌. കോടിയേരിയും ബേബിയും എളമരം കരീമുമൊക്കെ വിറകടുപ്പിനൊപ്പമാണ്‌ എന്നു പറയുന്നതിനേക്കാള്‍ വലിയൊരു തമാശ വേറെയില്ല. ചില സി.പി.എം. നേതാക്കള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ദാരിദ്ര്യം നിറഞ്ഞ ഭൂതകാലത്തെ ഓര്‍ക്കാനെങ്കിലും അടുപ്പൂട്ടി സമരം സഹായകമായല്ലോ. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സമയത്ത്‌ അവിടെയൊരു ചെങ്കൊടി നാട്ടിയിരുന്നുവെങ്കില്‍ ഇത്തരമൊരു സമരത്തിനു ചെലവു ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന്‌ ആരോ പറയുന്നതു കേട്ടു. ത്യാഗോജ്വലമായ സ്വന്തം സമരചരിത്രത്തെ ആ പാര്‍ട്ടി തന്നെ പരിഹസിക്കുന്നതിന്റെ ദയനീയ ചിത്രമാണു നാം കണ്ടത്‌. സി.പി.ഐ.ക്ക്‌ അല്‍പമെങ്കിലും ബുദ്ധി ശേഷിക്കുന്നതുകൊണ്ടാണ്‌ അവര്‍ ആ സമരത്തെ കളിയാക്കിയത്‌. രാഷ്‌ട്രീയം ഇല്ലാതാവുമ്പോള്‍ ഏതു സമരവും ആഭാസമായി മാറുകയേ ഉള്ളൂ.
നമ്മുടെ മാധ്യമങ്ങള്‍ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്കുനേരെ പുകമറ തീര്‍ക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഭൂമിദാനക്കേസ്‌. യഥാര്‍ഥത്തില്‍ ഇതിനു പിന്നില്‍ ഒരു അഴിമതിയുമില്ല. ചാക്ക്‌ രാധാകൃഷ്‌ണന്റേയും മലബാര്‍ സിമന്റ്‌സിന്റേയും പേരില്‍ ഭയാനകമായ അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണു വി.എസുമായി ബന്ധപ്പെട്ട ഭൂമിദാനക്കേസിന്റെ വികലമായ വാര്‍ത്തകള്‍ വരുന്നത്‌. ചാക്ക്‌ രാധാകൃഷ്‌ണന്‍ ഇടനിലക്കാരനായ അഴിമതികളെക്കുറിച്ചു പിണറായി വിജയന്‍ ഒന്നും പറഞ്ഞുകേട്ടില്ലല്ലോ. കുഞ്ഞാലിക്കുട്ടിയും ഉമ്മന്‍ ചാണ്ടിയും പ്രതികരിച്ചുകണ്ടില്ലല്ലോ. അതിന്റെ പൊരുളറിയാന്‍ അല്‍പം ബുദ്ധിയുള്ള ഒരു മനുഷ്യനും അടുപ്പിനരികില്‍ ചെന്നിരുന്ന്‌ ഊതിനോക്കേണ്ട കാര്യമില്ല. ചാക്ക്‌ രാധാകൃഷ്‌ണന്റെ പര്യായപദങ്ങള്‍ ഏതൊക്കെയാണെന്നു നാട്ടുകാര്‍ക്കും അറിയാം.
കാസര്‍ഗോട്ടെ ഭൂമിദാനക്കേസ്‌ ഒരു സര്‍ക്കാരിന്റെ നയപരമായ തീരുമാനവുമായി മാത്രം ബന്ധപ്പെട്ടതാണ്‌. പട്ടാളക്കാരനു ഭൂമി നല്‍കുകയെന്നതു വി.എസ്‌. കണ്ടുപിടിച്ച കാര്യമല്ല. നൂറുകണക്കിനു പട്ടാളക്കാര്‍ക്ക്‌ ഈവിധം ഭൂമി നല്‍കിയിട്ടുണ്ട്‌. മുപ്പതുവര്‍ഷം മുമ്പ്‌ മുമ്പില്‍ വെച്ചുകൊടുത്ത ഭൂമി സോമന്‍ എന്ന പട്ടാളക്കാരന്‍ അന്നു പട്ടയത്തുകയടച്ചു സ്വീകരിച്ചില്ല. പട്ടയത്തുകയായ ചില്ലിക്കാശ്‌ അടയ്‌ക്കാന്‍ പോലും പാകമില്ലാതെ പട്ടയം കൊടുത്ത കാലത്ത്‌ അതു സ്വീകരിക്കാതെ ഇപ്പോഴും പട്ടയമില്ലാത്ത ഭൂമിയില്‍ വീടുവച്ചു പാര്‍ക്കുന്ന ദരിദ്രര്‍ കേരളത്തിലുണ്ട്‌. മുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി തനിക്ക്‌ അവകാശപ്പെട്ട ഭൂമി ഇപ്പോള്‍ സോമന്‌ ഏറ്റെടുക്കാന്‍ അര്‍ഹതയുണ്ടോ എന്നതാണു ചോദ്യം. ഉണ്ട്‌ എന്ന്‌ വി.എസ്‌. സര്‍ക്കാരിനു തോന്നി. ഇല്ല എന്ന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു തോന്നുന്നെങ്കില്‍ ആ ഭൂമി തിരിച്ചെടുത്തേക്കുക. ഇത്രയേയുള്ളൂ കാര്യം. സോമന്‍ വി.എസിന്റെ ബന്ധുവായതാണോ പ്രശ്‌നം? വി.എസിന്റെ ബന്ധുവാകുന്നത്‌ ഒരു കുറ്റമാണോ? അതിന്റെ പേരില്‍ ഒരു ഇന്ത്യന്‍ പൗരന്‌ അയാള്‍ക്ക്‌ അര്‍ഹതപ്പെട്ടതു നിഷേധിക്കാന്‍ പാടുണ്ടോ? സോമന്‍ തന്റെ ബന്ധുവാണെന്നു വി.എസ്‌. മൂടിവെച്ചതാണ്‌ മറ്റൊരു ആരോപണം. യഥാര്‍ഥത്തില്‍ അത്‌ അഭിനന്ദനം അര്‍ഹിക്കുന്ന നടപടിയാണ്‌. തന്റെ ബന്ധു എന്ന പേരില്‍ സോമന്‌ ഒരു ആനുകൂല്യവും നല്‍കേണ്ടെന്നും യഥാര്‍ഥത്തില്‍ അയാള്‍ അര്‍ഹിക്കുന്നെങ്കില്‍ മാത്രം നല്‍കുകയെന്നുമുള്ള ഉന്നതമായ െനെതിക ബോധത്തിന്റെ ഭാഗമാണത്‌.
സ്വന്തം കുടുംബക്കാരെ പഴ്‌സണല്‍ സ്‌റ്റാഫില്‍ നിയമിച്ച്‌ അവര്‍ക്കു പെന്‍ഷന്‍ വാങ്ങിച്ചുകൊടുക്കുന്ന മന്ത്രിമാരുടെ കാലത്താണു നമ്മള്‍ ജീവിക്കുന്നത്‌. എയ്‌ഡ്‌സ്‌ രോഗി ജലദോഷം ബാധിച്ചവനുനേരേ വിരല്‍ ചൂണ്ടി സംസാരിക്കുന്നതുപോലെയാണു ഭൂമിദാനക്കേസില്‍ വി.എസിനെ ആക്രമിക്കുന്നത്‌.
വി.എസ്‌. അച്യുതാനന്ദനെ വേട്ടയാടി എന്തിനാണ്‌ യു.ഡി.എഫ്‌. മന്ത്രിമാര്‍ പൊതുസമൂഹത്തിന്റെ വെറുപ്പ്‌ ഏറ്റുവാങ്ങുന്നത്‌? അതിനേക്കാള്‍ നല്ലത്‌ ചന്ദ്രശേഖരന്‍ വധത്തിലെ മേല്‍പ്പോട്ടുള്ള പ്രതികളെ കണ്ടെത്തി ജനങ്ങളുടെ കയ്യടി വാങ്ങുന്നതല്ലേ?
 1354961760_1354961760_P.Surendran.jpg

Saturday, June 18, 2011

.പത്രക്കാര്‍ക്കെന്താ...








മലയാള മാധ്യമ രംഗം ലോകത്തിലാകമാനം ജനാതിപത്യസംവിധാനത്തിന്് മാതൃകയാണെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. എന്തുകൊണ്ടെന്നാല്‍ സമൂഹത്തിന്റെ താഴേതട്ടുവരേ അതിനുളള അതിരില്ലാത്ത സ്വാധീനം തന്നെയാണ്. പത്രങ്ങളായാലും ചാനലുകളായാലും മാസികകളായാലും പ്രാദേശികവിഷയങ്ങളില്‍ഇടപെടാന്‍ കാണിക്കുന്ന സന്ധിയില്ലാത്ത ആത്മാര്‍ത്ഥ അവയേ സാധാരണക്കാരില്‍ ഒരാളാക്കി മാററുന്നു.രാക്ഷ്രട്രീയസാമൂഹിക ഭരണരംഗങ്ങളില്‍ ഒരു തിരുത്തല്‍ ശക്തി തന്നെയാണത്. എന്നാല്‍ സമകാലികമായ സംഭവങ്ങള്‍ അതിനൊരു പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നുണ്ടോ ?

വായനക്കാരേയും കാഴ്ചക്കാരേയും കൂട്ടാനുളള മത്സരത്തിനിടയില്‍ സ്വന്തംവ്യക്തിത്വം പലപ്പോഴും മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുന്നില്ലേ എന്നു സംശയം. രാഷ്ട്രീയക്കാരുടെ കൊളളിവാക്കുകളും കൈയ്യൂക്കും വേടിച്ചു കെട്ടുകയും അതേ സമയം അവരുടെ ചീഞ്ഞ പ്രസ്താവനകളും കഥയില്ലാത്ത പ്രസ്താവനകളും ഉയര്‍ത്തികാട്ടുകയും ചെയ്യും. മാധ്യമങ്ങള്‍ ഒറ്റകെട്ടായി ബഹിഷ്കരണമാര്‍ഗ്ഗം സ്വീകരിച്ചാല്‍ ഒരു പരിധി വരേ തകരാവുന്നതെയുളളു കൂടുതല്‍ പേരുടെയും തുടര്‍ കരിയര്‍. എന്നാല്‍ മാധ്യമങ്ങള്‍ ഇത്തിരി തലകുനിക്കുന്ന സമീപനമാണ് പലപ്പോഴും സ്വീകരിച്ചു പോരുന്നത്.സിനിമ രംഗത്തായാലും വിളിക്കപ്പെടാത്ത ചടങ്ങുകളില്‍ അതിഥിയായെത്തി ഇളിഭ്യരാകണ്ടവരാണോ മാധ്യമ പ്രവര്‍ത്തകര്‍. ഈയടുത്ത കാലത്തു നടന്ന യുവ സ്വയം പ്രഖ്യാപിതസൂപ്പര്‍ താരത്തിന്റെ വിവാഹമാണ് രംഗം. വിവാഹമെന്നത് ഒരാളുടെ വ്യക്തിപരമായ പ്രശ്നമാണ്. അത് ഏതു രീതിയില്‍ നടത്തണമെന്നത് അയാളുടെ ഇഷ്ടമാണ്. ബഹളങ്ങളൊഴിഞ്ഞ ഒരു ചടങ്ങായിരിക്കാം അദ്ദേഹത്തിന്റ മനസ്സില്‍. എന്നാല്‍ വിവരം അറിഞ്ഞ് മാധ്യമപട അവിടെ പാഞ്ഞെത്തുന്നു. ഇസഡ് കാററഗറി സെക്യൂരിറ്റിക്കാര്‍ അവരേ ഗേററിനു പുറത്തേക്കു തളളുന്നു. മണിക്കൂറുകള്‍ ഗേറ്റിങ്കല്‍ പാലക്കാടന്‍ വെയില്‍ പാര്‍ത്തശേഷം ക്ഷീണിച്ചു കുഴഞ്ഞ പത്രക്കാരോട് മാതൃനടിയുടെ പരിഹാസം 'നിങ്ങളെ ആരാ ഇവിടേയ്ക്ക് ക്ഷണിച്ചതെന്ന് '' - ന്യായമായ ചോദ്യം.

എങ്കിലും മാധ്യമസുഹൃത്തുക്കളേ , നിങ്ങള്‍ക്കിതിന്റെ വല്ല ആവശ്യവും ഉണ്ടോ ഏതു വായനക്കാരനെ തൃപ്തിപ്പെടുത്താനാണ് നിങ്ങളിങ്ങനെ ബുദ്ധിമുട്ടുന്നത് സമൂഹത്തിലേ പൊങ്ങച്ചസംസ്കാരത്തോടുകാണിക്കുന്ന ഈ നിലമറക്കുന്ന നിലപാട് മോശമല്ലേ.. അഭിനയത്തിന്റെ കാര്യത്തില്‍ നാളിതുവരേ യാതൊരു ചലനവും സൃഷ്ടിക്കാത്ത ഈ യുവതാരത്തെ മാധ്യമങ്ങള്‍ തന്നെയല്ലേ യുവത്വത്തിന്റെ റോള്‍ മോഡല്‍ ആക്കിയത്. വച്ചുകെട്ടികൊടുത്ത പ്രതിച്ച്ഛായയില്‍ വിരാജിക്കുന്ന ഇത്തരം രൂപങ്ങള്‍ക്ക് മലയാളി യുവത്വത്തിന്റെ പ്രതിരൂപമാകുവാന്‍ കഴിയുമോ.അര്‍ഹിക്കേണ്ട പ്രാധാന്യം നല്‍കേണ്ട എത്രയോ പേരേ തഴഞ്ഞാണ് മാധ്യമങ്ങള്‍ ഇത്തരം വേഷം കെട്ടലുകള്‍ക്ക് വളം വച്ചു കൊടുത്തത്.

ഇത്തരം പ്രവണതകളുടെ ഏറ്റവും മോശമായ അവസ്ഥയെന്നത് സമൂഹത്തില്‍ പടര്‍ന്നു പിടിക്കാവുന്ന ചില തെറ്റായ വിശ്വാസങ്ങളാണ്. സാധാരണക്കാരന്‍ മുഖം ചുളിയ്ക്കുന്ന പല വൃത്തികേടുകളും മാധ്യമങ്ങള്‍ വഴി ഇവിടെ അപനിര്‍മ്മിതിക്ക് വിധേയമാക്കപ്പെടുകയാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലെ മധ്യവയസ്സിലേക്കു കടന്നുകൊണ്ടിരുന്ന യുവ ഗായകന്‍ ഒരു സുപ്രഭാതത്തില്‍ വിവാഹിതനായി. മലയാളത്തിലെ ഒരു വനിതാമാസിക തൊട്ടടുത്ത ആഴ്ച അദ്ദേഹത്തിന്റയും ഭാര്യയുടേയും പ്രണയവിശേഷങ്ങളെ ആദര്‍ശപ്രണയത്തിന്റെ ഉത്തുംഗശൃംഗങ്ങളിലേയ്ക്ക് ഉയര്‍ത്തി സചിത്ര ലേഖനം തന്നെ വിരിയിച്ചു. എന്നാല്‍ അതില്‍ ഇല്ലാതെ പോയത് ഒന്നു മാത്രം- വധുവിന് പ്രായപൂര്‍ത്തിയായമകളും ഭര്‍ത്താവുമുണ്ടെന്ന വസ്തുത മാത്രം- അവര്‍ക്കുമുണ്ടൊരു അഭിമാനത്തിന്റെ ലോകമെന്നത് എന്തേ മറന്നു പോകുന്നു. അടുത്തിടെ ഒരു ചാനലില്‍ മലയാളത്തിന്റെ ഒരു ആക്ഷന്‍ നായികയുടെ അഭിമുഖം വന്നു. അഭിമുഖകാരന്‍ ബഹുമാനപുരസ്സരം മേല്‍പടി നായികയേ ഉണ്ണിയാര്‍ച്ച എന്നു തിലകം ചാര്‍ത്തി. പക്ഷേ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ് ഭര്‍ത്താവായ നടന് മറ്റൊരുഭാര്യയും കുട്ടികളുമുണ്ടായിരുന്നുവെന്ന വസ്തുത. അതിനേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഏവര്‍ക്കും സുപരിചിതം. എന്നിട്ടും ഇത്തരം ബന്ധങ്ങളെ കസേരയിട്ട് സ്വീകാര്യതയുടെ പൂമുഖത്തിരുത്തുമ്പോള്‍ അതില്‍ ഇരകളാക്കപ്പെട്ടവരുടെ ജീവിതമെഭ്കിതുമറിയണ്ടേ... നട്ടപാതിരാത്രിയില്‍ മഞ്ചേരിയില്‍ അവിഹിത വിഷയത്തില്‍നാട്ടുകാര്‍ പെരുമാറിയ രാഷ്ട്രീയനേതാവിനിനും ചിലര്‍ രക്തസാക്ഷി പരിവേഷം നല്‍കുവാന്‍ ശ്രമിക്കുന്നത് കണ്ടു.

യുവതാരത്തോട്- നിങ്ങള്‍ വിവാഹം കഴിക്കുന്നുണ്ടെന്ന വാര്‍ത്തകൊണ്ട് ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ഇവിടെ എന്തെങ്കിലും വിപ്ളവം നടക്കുമെന്നു കരുതിയെങ്കില്‍ അത് നിങ്ങളുടെ ആത്മ രതി മാത്രമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി എന്‍ഡോ സള്‍ഫാന്‍ പ്രശ്നത്തില്‍ നിരാഹാരം കിടക്കുന്നത് ലോകം മുഴുവന്‍വീക്ഷിക്കാന്‍ തിരക്കു കൂട്ടുമ്പോള്‍ ഈ നാടകത്തിനൊന്നും മുഖം കൊടുക്കുവാന്‍ പ്രബുദ്ധനായ മലയാളിയേ കിട്ടില്ല.

മാധ്യമങ്ങളോട്- പ്ളീസ്..ഇനിയെങ്കിലും അറിയുക..ഇത്തരം കാര്യങ്ങളൊന്നുമല്ല മലയാളിക്കാവശ്യം.അത് അറിയാന്‍ താല്പര്യമുളളത് സമൂഹത്തിലേ ചില വരേണ്യവര്‍ഗ്ഗ പൊങ്ങച്ച സഞ്ചികള്‍ക്കു മാത്രമാണ്. മലയാളിക്കാവശ്യം നട്ടെല്ലു വളയാത്ത പത്ര പ്രവര്‍ത്തനമാണ്..മറിച്ചാണെങ്കില്‍ ഇനിയും കേള്‍ക്കേണ്ടി വരും..പത്രക്കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യമെന്ന ചോദ്യം..അതിനിട വരുത്താതിരിക്കട്ടേ...

സുമേഷ് കുമാര്‍ എസ് എസ്

Wednesday, February 4, 2009

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും സഹകരണമന്ത്രി ജി. സുധാകരനും നേര്‍ക്കുനേര്‍. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി ജില്ലാ മാതൃകാശുപത്രിയാക്കാനുള്ള പത്തു കോടിയുടെ നിധിയിലേക്കു പേരൂര്‍ക്കട സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി രൂപ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട്‌ സഹകരണമന്ത്രി അറിയാതെ ആരോഗ്യവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ വിവാദമായി.

താനറിയാതെ തന്റെ വകുപ്പില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിനെതിരേ രൂക്ഷമായ ഭാഷയില്‍ സഹകരണമന്ത്രി ജി. സുധാകരന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പു നല്‍കി.

പ്രശ്‌നം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കു വരും.

മന്ത്രി പി.കെ.ശ്രീമതിയെ പരോക്ഷമായും ആരോഗ്യ സെക്രട്ടറി വിശ്വാസ്‌ മേത്തയെ നേരിട്ടും വിമര്‍ശിച്ചുകൊണ്ടുള്ളതാണു മന്ത്രി സുധാകരന്റെ കത്ത്‌.

ബാങ്ക്‌ അറിയാതെയാണു തുക പിന്‍വലിക്കാന്‍ ശ്രമം നടന്നതെന്നും നിക്ഷേപകരുടെ താല്‍പര്യം ഇക്കാര്യത്തില്‍ മാനിച്ചില്ലെന്നും കത്തില്‍ പറയുന്നു. വിശ്വാസ്‌മേത്തയുടെ നടപടി മര്യാദകേടാണെന്നും ആഭ്യന്തര- സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി നീലാഗംഗാധരനെപ്പോലും അറിയിക്കാതെ നടത്തിയ രഹസ്യ ഉത്തരവ്‌ ഉടനടി പിന്‍വലിക്കണമെന്നാണു മന്ത്രി സുധാകരന്റെ ആവശ്യം.

രസീതു കുറ്റിയുമായെത്തി പണം പിരിക്കുന്ന ലാഘവത്തോടെയാണ്‌ ഈ വിഷയം കൈകാര്യം ചെയ്‌തതെന്നാണു സഹകരണ വകുപ്പിന്റെ പരാതി. മറ്റൊരു വകുപ്പില്‍നിന്നു കോടിക്കണക്കിനു രൂപ കൈയിട്ടുവാരാന്‍ അനുവദിക്കുന്ന ഉത്തരവ്‌ ഇതിനുമുന്‍പ്‌ ഒരു സര്‍ക്കാരിന്റെ കാലത്തും ഇറങ്ങിയിട്ടില്ല. പേരൂര്‍ക്കട സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി, തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന്‌ ഒരു കോടി, എന്‍.ആര്‍.എച്ച്‌.എം വക ഒരു കോടി, എം.എല്‍.എ ഫണ്ടില്‍നിന്നു രണ്ടുകോടി, എം.പി ഫണ്ടില്‍നിന്ന്‌ ഒന്നരക്കോടി, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നു 2.20 കോടി എന്നീ ക്രമത്തില്‍ തുക ഈടാക്കാനാണു കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തത്‌. വിവാദ തീരുമാനമടങ്ങുന്ന ഫയല്‍ ഔട്ട്‌സൈഡ്‌ അജണ്ടയായിട്ടാണു മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്‌.

ഇതിനായി ആരോഗ്യ സെക്രട്ടറി വിശ്വാസ്‌മേത്ത തയാറാക്കിയ കുറിപ്പ്‌ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണു മന്ത്രി സുധാകരന്‍ പോലും അറിയാതെ വിവാദ ഉത്തരവ്‌ പുറത്തിറങ്ങിയത്‌.

വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടന്നിരുന്നെങ്കില്‍ സഹകരണ വകുപ്പിന്റെ പൂര്‍ണപിന്തുണ നല്‍കുമായിരുന്നുവെന്നു വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി.

സുധാകരന്റെ കത്തിനെത്തുടര്‍ന്നു വിവാദ ഉത്തരവ്‌ പിന്‍വലിക്കാന്‍ ആരോഗ്യസെക്രട്ടറിക്കു ചീഫ്‌ സെക്രട്ടറി നിര്‍ദേശം നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയുടെ ഒടുവിലത്തെ തെളിവാണിത്‌.

എസ്‌. നാരായണന്‍

പിണറായിക്കു നേരെ ചെരുപ്പേറ്‌; വി.എസിനു സിന്ദാബാദ്‌

പയ്യന്നൂര്‍: നവകേരള മാര്‍ച്ചിന്റെ സ്വീകരണത്തിനിടെ പിണറായി വിജയനു നേരെ ചെരുപ്പേറ്‌. ഇന്നലെ വൈകിട്ട്‌ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നല്‍കിയ സ്വീകരണത്തിനിടെയാണു വേദിയിലേക്കു പോവുകയായിരുന്ന പിണറായി വിജയനു നേരെ സജീവ സി.പി.എം പ്രവര്‍ത്തകനായ തിരുമേനി അമ്മണം വീട്ടില്‍ ഷാജി എന്ന ഷൈനു (29) ചെരുപ്പെറിഞ്ഞത്‌.

ഇയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചവശനാക്കി. പയ്യന്നൂര്‍ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്‌ഥിതി ഗുരുതരമാണ്‌. ഷാജി മദ്യപിച്ചിരുന്നുവെന്ന്‌ പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.

കാസര്‍ഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂരിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ വച്ചു സ്വീകരിച്ചാണു ജാഥയെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിച്ചത്‌.

സെന്‍ട്രല്‍ ബസാറില്‍ റെഡ്‌ വളണ്ടിയര്‍മാരുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ച ശേഷം പിണറായി വിജയന്‍ വേദിയിലേക്കു നടക്കുന്നതിനിടയിലാണു വി.എസ്‌. അച്യുതാനന്ദനു സിന്ദാബാദ്‌ വിളിച്ചുകൊണ്ടു പിണറായിക്കു നേരേ ഷാജി ചെരുപ്പൂരിയെറിഞ്ഞത്‌. ലക്ഷ്യം തെറ്റിയതിനാല്‍ ചെരുപ്പ്‌ പിണറായിയുടെ ദേഹത്ത്‌ കൊണ്ടില്ല. പോലീസെത്തി ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ ഷാജിയാണ്‌ സ്വീകരണസ്‌ഥലത്തേക്കു പോകുന്ന വാഹനം അലങ്കരിച്ചത്‌. മദ്യപിച്ച്‌ ജാഥ അലങ്കോലപ്പെടുത്തിയെന്ന കുറ്റത്തിന്‌ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌.

കുഞ്ഞഹമ്മദിനേപ്പോലുള്ള കുരങ്ങന്മാര്‍ക്ക്‌ മറുപടിയില്ല: വി.എസ്‌.

ന്യൂഡല്‍ഹി: കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെപ്പോലുള്ള കുരങ്ങന്മാരോട്‌ ഞാനെന്തിനു മറുപടി പറയണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. 'മുഖ്യമന്ത്രി ആളാകാന്‍ നോക്കേണ്ട' എന്ന ഇടതു ബുദ്ധിജീവി കെ.ഇ.എന്നിന്റെ അഭിപ്രായത്തെക്കുറിച്ച്‌ പത്രലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസിന്റെ പശ്‌ചാത്തലത്തില്‍ വി.എസിനെ പരോക്ഷമായി ലക്ഷ്യമിട്ട്‌ കുഞ്ഞഹമ്മദ്‌ നടത്തിയ 'മന്ദബുദ്ധി' പ്രയോഗവും വിവാദമായിരുന്നു.

വി.എസ്‌. ഇല്ലാത്തതു പ്രശ്‌നമല്ല: പിണറായി

കാസര്‍ഗോഡ്‌്: നവകേരളയാത്രയില്‍ വി. എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതു പ്രശ്‌നമല്ലെന്നു സി.പി.എം. സംസ്‌ഥാനസെക്രട്ടറി പിണറായി വിജയന്‍. യാത്രയില്‍ എവിടെയെങ്കിലും വി.എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. നവകേരളയാത്രയുടെ രണ്ടാംദിവസം കാസര്‍ഗോഡ്‌ ഗസ്‌റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. യാത്രയില്‍ വി.എസ്‌. പങ്കെടുക്കില്ല എന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടതു പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നു വി എസ്‌. പറഞ്ഞതായിട്ടാണു പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ വന്നത്‌.

ഇത്‌ ഞങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്‌. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയും. മാധ്യമങ്ങളോടു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്‌ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നവകേരളയാത്ര നടത്താന്‍ തീരുമാനിച്ചത്‌. എല്ലാവരും പങ്കാളികളായാണു തീരുമാനമെടുത്തത്‌. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മാര്‍ച്ചിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നവകേരള യാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ആളില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ ഞങ്ങളോട്‌ ഒന്നു പറയണം; എത്രയാളുകളെയാണു കൊണ്ടുവരേണ്ടതെന്ന്‌. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നോട്ടീസ്‌ അയച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു കോടതിക്കു മുമ്പില്‍ പറയാമെന്നു പിണറായി പറഞ്ഞു.

കേരളത്തില്‍ വായടച്ച വി.എസ്‌. ഡല്‍ഹിയില്‍ വായടപ്പിച്ചു; 'ഇതു കോടതിയോടുള്ള വെല്ലുവിളി'

ന്യൂഡല്‍ഹി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്ത സി.ബി.ഐയുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന പോളിറ്റ്‌ ബ്യൂറോ നിലപാട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തള്ളി.

ലാവ്‌ലിന്‍ കേസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നതു കോടതിയോടുള്ള വെല്ലുവിളിയാണെന്നു വി.എസ്‌. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രകോപനങ്ങള്‍ക്കു വഴങ്ങാതെ കാത്തുവച്ച 'ബോംബുകള്‍' പി.ബിയുടെ തട്ടകത്തിലെത്തി വി.എസ്‌. പൊട്ടിക്കുകയായിരുന്നു.

ലാവ്‌ലിന്‍ വിവാദത്തില്‍ തന്റേതു 'സ്വതന്ത്ര നിലപാടാ'ണെന്നും അതു പി.ബി. നിലപാടില്‍നിന്നു വ്യത്യസ്‌തമാണെന്നുമാണ്‌ അദ്ദേഹം സംശയലേശമന്യേ സൂചിപ്പിച്ചത്‌. പിണറായി പ്രതിയാണെന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ പുറത്തുവന്ന ദിവസംതന്നെ ഡല്‍ഹിയിലെത്തി സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ ധരിപ്പിച്ച നിലപാടുകളാണ്‌ ഇപ്പോള്‍ വി.എസ്‌. പരസ്യമാക്കിയത്‌. ധനമന്ത്രി തോമസ്‌ ഐസക്‌, നിയമമന്ത്രി എം. വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു വി.എസ്‌. നിലപാടു വ്യക്‌തമാക്കിയത്‌ എന്നതും ശ്രദ്ധേയമായി.

ലാവ്‌ലിന്‍ വിഷയത്തില്‍ പത്രലേഖകരുടെ കൂട്ടച്ചോദ്യശരങ്ങള്‍ക്കു നേരേ വി.എസ്‌. തൊടുത്ത മറുപടിശരങ്ങള്‍ എവിടെയൊക്കെ തറയ്‌ക്കുമെന്നതാണ്‌ ഇനി അറിയാനുള്ളത്‌. വി.എസ്‌. പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌ ഇവയാണ്‌:

* ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ ആവശ്യം സംസ്‌ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും.

* അഴിമതി പുറത്തു കൊണ്ടുവന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ചതാണ്‌. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടതു ഡിവിഷന്‍ ബെഞ്ചാണ്‌.

* ഓരോ മൂന്നുമാസവും കേസിന്റെ പുരോഗതി കോടതി അവലോകനം ചെയ്‌തിരുന്നു. നിശ്‌ചയിച്ച സമയപരിധിയിലാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

* അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. വസ്‌തുത ഇതായിരിക്കേ, അന്വേഷണത്തെ ചോദ്യം ചെയ്യുക എന്നാല്‍ കോടതിയെ വെല്ലുവിളിക്കുക എന്നാണര്‍ത്ഥം.

* ഞാന്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്‌ഞ ചെയ്‌ത ജനപ്രതിനിധിയാണ്‌, മുഖ്യമന്ത്രിയാണ്‌. കോടതി നിര്‍ദേശിച്ച അന്വേഷണത്തെ ഞാന്‍ വിമര്‍ശിച്ചാല്‍ അതു സത്യപ്രതിജ്‌ഞാലംഘനമാകും.

* അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അവരുടേതായ ന്യായങ്ങളുണ്ടാകാം. കോടതിയേയും സി.ബി.ഐയേയും വിമര്‍ശിക്കാന്‍ എനിക്കിപ്പോള്‍ ഉദ്ദേശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ജനം തെരഞ്ഞെടുത്ത വി.എസ്‌. അച്യുതാനന്ദന്‍ എന്ന ഞാന്‍, ചെയ്യേണ്ടതുതന്നെയാണു ചെയ്യുന്നത്‌.

* യഥാര്‍ത്ഥ കമ്യൂണിസ്‌റ്റുകാര്‍ ഒരു കാലത്തും അഴിമതിക്കാരായിട്ടില്ല, ആവുകയുമില്ല. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ എന്റെ എല്ലാ അഭിപ്രായവും ഇപ്പോള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല. കോടതിയുടെ അന്തിമവിധിക്കു ശേഷം കൂടുതല്‍ പ്രതികരിക്കും.

ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പി.ബിയുടെ നിലപാടിനെക്കുറിച്ചു പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ നിന്നുതന്നെ വിശദീകരണം തേടണമെന്നു വി.എസ്‌. പറഞ്ഞു. പി.ബിയുടെ ഈ നിലപാട്‌ ആവര്‍ത്തിക്കുന്ന കേരളത്തിലെ മന്ത്രിമാരും സത്യപ്രതിജ്‌ഞ ലംഘിക്കുകയല്ലേ എന്നു ചോദിച്ചപ്പോള്‍ അത്‌ അവരോടുതന്നെ ചോദിക്കാനായിരുന്നു വി.എസിന്റെ മറുപടി. പിണറായി വിജയന്‍ നയിക്കുന്ന 'നവകേരളമാര്‍ച്ചി'ല്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ തുടര്‍ച്ചയായാണു വി.എസ്‌. ഭരണഘടന, സത്യപ്രതിജ്‌ഞ തുടങ്ങിയ കാര്യങ്ങളില്‍ വാചാലനായത്‌.