Wednesday, February 4, 2009

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പ്‌

തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും സഹകരണമന്ത്രി ജി. സുധാകരനും നേര്‍ക്കുനേര്‍. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി ജില്ലാ മാതൃകാശുപത്രിയാക്കാനുള്ള പത്തു കോടിയുടെ നിധിയിലേക്കു പേരൂര്‍ക്കട സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി രൂപ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട്‌ സഹകരണമന്ത്രി അറിയാതെ ആരോഗ്യവകുപ്പ്‌ ഇറക്കിയ ഉത്തരവ്‌ വിവാദമായി.

താനറിയാതെ തന്റെ വകുപ്പില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിനെതിരേ രൂക്ഷമായ ഭാഷയില്‍ സഹകരണമന്ത്രി ജി. സുധാകരന്‍ ചീഫ്‌ സെക്രട്ടറിക്കു കുറിപ്പു നല്‍കി.

പ്രശ്‌നം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കു വരും.

മന്ത്രി പി.കെ.ശ്രീമതിയെ പരോക്ഷമായും ആരോഗ്യ സെക്രട്ടറി വിശ്വാസ്‌ മേത്തയെ നേരിട്ടും വിമര്‍ശിച്ചുകൊണ്ടുള്ളതാണു മന്ത്രി സുധാകരന്റെ കത്ത്‌.

ബാങ്ക്‌ അറിയാതെയാണു തുക പിന്‍വലിക്കാന്‍ ശ്രമം നടന്നതെന്നും നിക്ഷേപകരുടെ താല്‍പര്യം ഇക്കാര്യത്തില്‍ മാനിച്ചില്ലെന്നും കത്തില്‍ പറയുന്നു. വിശ്വാസ്‌മേത്തയുടെ നടപടി മര്യാദകേടാണെന്നും ആഭ്യന്തര- സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി നീലാഗംഗാധരനെപ്പോലും അറിയിക്കാതെ നടത്തിയ രഹസ്യ ഉത്തരവ്‌ ഉടനടി പിന്‍വലിക്കണമെന്നാണു മന്ത്രി സുധാകരന്റെ ആവശ്യം.

രസീതു കുറ്റിയുമായെത്തി പണം പിരിക്കുന്ന ലാഘവത്തോടെയാണ്‌ ഈ വിഷയം കൈകാര്യം ചെയ്‌തതെന്നാണു സഹകരണ വകുപ്പിന്റെ പരാതി. മറ്റൊരു വകുപ്പില്‍നിന്നു കോടിക്കണക്കിനു രൂപ കൈയിട്ടുവാരാന്‍ അനുവദിക്കുന്ന ഉത്തരവ്‌ ഇതിനുമുന്‍പ്‌ ഒരു സര്‍ക്കാരിന്റെ കാലത്തും ഇറങ്ങിയിട്ടില്ല. പേരൂര്‍ക്കട സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്ന്‌ ഒരു കോടി, തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന്‌ ഒരു കോടി, എന്‍.ആര്‍.എച്ച്‌.എം വക ഒരു കോടി, എം.എല്‍.എ ഫണ്ടില്‍നിന്നു രണ്ടുകോടി, എം.പി ഫണ്ടില്‍നിന്ന്‌ ഒന്നരക്കോടി, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നു 2.20 കോടി എന്നീ ക്രമത്തില്‍ തുക ഈടാക്കാനാണു കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തത്‌. വിവാദ തീരുമാനമടങ്ങുന്ന ഫയല്‍ ഔട്ട്‌സൈഡ്‌ അജണ്ടയായിട്ടാണു മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്‌.

ഇതിനായി ആരോഗ്യ സെക്രട്ടറി വിശ്വാസ്‌മേത്ത തയാറാക്കിയ കുറിപ്പ്‌ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണു മന്ത്രി സുധാകരന്‍ പോലും അറിയാതെ വിവാദ ഉത്തരവ്‌ പുറത്തിറങ്ങിയത്‌.

വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടന്നിരുന്നെങ്കില്‍ സഹകരണ വകുപ്പിന്റെ പൂര്‍ണപിന്തുണ നല്‍കുമായിരുന്നുവെന്നു വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി.

സുധാകരന്റെ കത്തിനെത്തുടര്‍ന്നു വിവാദ ഉത്തരവ്‌ പിന്‍വലിക്കാന്‍ ആരോഗ്യസെക്രട്ടറിക്കു ചീഫ്‌ സെക്രട്ടറി നിര്‍ദേശം നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയുടെ ഒടുവിലത്തെ തെളിവാണിത്‌.

എസ്‌. നാരായണന്‍

പിണറായിക്കു നേരെ ചെരുപ്പേറ്‌; വി.എസിനു സിന്ദാബാദ്‌

പയ്യന്നൂര്‍: നവകേരള മാര്‍ച്ചിന്റെ സ്വീകരണത്തിനിടെ പിണറായി വിജയനു നേരെ ചെരുപ്പേറ്‌. ഇന്നലെ വൈകിട്ട്‌ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ നല്‍കിയ സ്വീകരണത്തിനിടെയാണു വേദിയിലേക്കു പോവുകയായിരുന്ന പിണറായി വിജയനു നേരെ സജീവ സി.പി.എം പ്രവര്‍ത്തകനായ തിരുമേനി അമ്മണം വീട്ടില്‍ ഷാജി എന്ന ഷൈനു (29) ചെരുപ്പെറിഞ്ഞത്‌.

ഇയാളെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചവശനാക്കി. പയ്യന്നൂര്‍ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്തെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്‌ഥിതി ഗുരുതരമാണ്‌. ഷാജി മദ്യപിച്ചിരുന്നുവെന്ന്‌ പോലീസും ആശുപത്രി അധികൃതരും അറിയിച്ചു.

കാസര്‍ഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂരിലെ സ്വീകരണത്തിനു ശേഷം കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ ഒളവറ പാലത്തില്‍ വച്ചു സ്വീകരിച്ചാണു ജാഥയെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ എത്തിച്ചത്‌.

സെന്‍ട്രല്‍ ബസാറില്‍ റെഡ്‌ വളണ്ടിയര്‍മാരുടെ ഗാര്‍ഡ്‌ ഓഫ്‌ ഓണര്‍ സ്വീകരിച്ച ശേഷം പിണറായി വിജയന്‍ വേദിയിലേക്കു നടക്കുന്നതിനിടയിലാണു വി.എസ്‌. അച്യുതാനന്ദനു സിന്ദാബാദ്‌ വിളിച്ചുകൊണ്ടു പിണറായിക്കു നേരേ ഷാജി ചെരുപ്പൂരിയെറിഞ്ഞത്‌. ലക്ഷ്യം തെറ്റിയതിനാല്‍ ചെരുപ്പ്‌ പിണറായിയുടെ ദേഹത്ത്‌ കൊണ്ടില്ല. പോലീസെത്തി ഇയാളെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സി.പി.എം പ്രവര്‍ത്തകര്‍ എത്തി ബഹളം വച്ചതിനെ തുടര്‍ന്നു പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി.

സജീവ പാര്‍ട്ടി പ്രവര്‍ത്തകനായ ഷാജിയാണ്‌ സ്വീകരണസ്‌ഥലത്തേക്കു പോകുന്ന വാഹനം അലങ്കരിച്ചത്‌. മദ്യപിച്ച്‌ ജാഥ അലങ്കോലപ്പെടുത്തിയെന്ന കുറ്റത്തിന്‌ ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്‌.

കുഞ്ഞഹമ്മദിനേപ്പോലുള്ള കുരങ്ങന്മാര്‍ക്ക്‌ മറുപടിയില്ല: വി.എസ്‌.

ന്യൂഡല്‍ഹി: കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെപ്പോലുള്ള കുരങ്ങന്മാരോട്‌ ഞാനെന്തിനു മറുപടി പറയണമെന്നു മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍. 'മുഖ്യമന്ത്രി ആളാകാന്‍ നോക്കേണ്ട' എന്ന ഇടതു ബുദ്ധിജീവി കെ.ഇ.എന്നിന്റെ അഭിപ്രായത്തെക്കുറിച്ച്‌ പത്രലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസിന്റെ പശ്‌ചാത്തലത്തില്‍ വി.എസിനെ പരോക്ഷമായി ലക്ഷ്യമിട്ട്‌ കുഞ്ഞഹമ്മദ്‌ നടത്തിയ 'മന്ദബുദ്ധി' പ്രയോഗവും വിവാദമായിരുന്നു.

വി.എസ്‌. ഇല്ലാത്തതു പ്രശ്‌നമല്ല: പിണറായി

കാസര്‍ഗോഡ്‌്: നവകേരളയാത്രയില്‍ വി. എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ ഇല്ലയോ എന്നതു പ്രശ്‌നമല്ലെന്നു സി.പി.എം. സംസ്‌ഥാനസെക്രട്ടറി പിണറായി വിജയന്‍. യാത്രയില്‍ എവിടെയെങ്കിലും വി.എസ്‌. അച്യുതാനന്ദന്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. നവകേരളയാത്രയുടെ രണ്ടാംദിവസം കാസര്‍ഗോഡ്‌ ഗസ്‌റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. യാത്രയില്‍ വി.എസ്‌. പങ്കെടുക്കില്ല എന്ന വാര്‍ത്ത എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. പാര്‍ട്ടിയില്‍ പറയേണ്ടതു പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്നു വി എസ്‌. പറഞ്ഞതായിട്ടാണു പത്രങ്ങളില്‍ റിപ്പോര്‍ട്ട്‌ വന്നത്‌.

ഇത്‌ ഞങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്‌. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയും. മാധ്യമങ്ങളോടു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കേന്ദ്ര-സംസ്‌ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ചതിന്റെ അടിസ്‌ഥാനത്തിലാണു നവകേരളയാത്ര നടത്താന്‍ തീരുമാനിച്ചത്‌. എല്ലാവരും പങ്കാളികളായാണു തീരുമാനമെടുത്തത്‌. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മാര്‍ച്ചിനേക്കാള്‍ കൂടുതല്‍ ആളുകള്‍ നവകേരള യാത്രയില്‍ പങ്കെടുത്തിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. ആളില്ലെന്നു പ്രചരിപ്പിക്കുന്നവര്‍ ഞങ്ങളോട്‌ ഒന്നു പറയണം; എത്രയാളുകളെയാണു കൊണ്ടുവരേണ്ടതെന്ന്‌. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി നോട്ടീസ്‌ അയച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതു കോടതിക്കു മുമ്പില്‍ പറയാമെന്നു പിണറായി പറഞ്ഞു.

കേരളത്തില്‍ വായടച്ച വി.എസ്‌. ഡല്‍ഹിയില്‍ വായടപ്പിച്ചു; 'ഇതു കോടതിയോടുള്ള വെല്ലുവിളി'

ന്യൂഡല്‍ഹി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്ത സി.ബി.ഐയുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന പോളിറ്റ്‌ ബ്യൂറോ നിലപാട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ തള്ളി.

ലാവ്‌ലിന്‍ കേസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നതു കോടതിയോടുള്ള വെല്ലുവിളിയാണെന്നു വി.എസ്‌. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ മാധ്യമപ്രകോപനങ്ങള്‍ക്കു വഴങ്ങാതെ കാത്തുവച്ച 'ബോംബുകള്‍' പി.ബിയുടെ തട്ടകത്തിലെത്തി വി.എസ്‌. പൊട്ടിക്കുകയായിരുന്നു.

ലാവ്‌ലിന്‍ വിവാദത്തില്‍ തന്റേതു 'സ്വതന്ത്ര നിലപാടാ'ണെന്നും അതു പി.ബി. നിലപാടില്‍നിന്നു വ്യത്യസ്‌തമാണെന്നുമാണ്‌ അദ്ദേഹം സംശയലേശമന്യേ സൂചിപ്പിച്ചത്‌. പിണറായി പ്രതിയാണെന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ പുറത്തുവന്ന ദിവസംതന്നെ ഡല്‍ഹിയിലെത്തി സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെ ധരിപ്പിച്ച നിലപാടുകളാണ്‌ ഇപ്പോള്‍ വി.എസ്‌. പരസ്യമാക്കിയത്‌. ധനമന്ത്രി തോമസ്‌ ഐസക്‌, നിയമമന്ത്രി എം. വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു വി.എസ്‌. നിലപാടു വ്യക്‌തമാക്കിയത്‌ എന്നതും ശ്രദ്ധേയമായി.

ലാവ്‌ലിന്‍ വിഷയത്തില്‍ പത്രലേഖകരുടെ കൂട്ടച്ചോദ്യശരങ്ങള്‍ക്കു നേരേ വി.എസ്‌. തൊടുത്ത മറുപടിശരങ്ങള്‍ എവിടെയൊക്കെ തറയ്‌ക്കുമെന്നതാണ്‌ ഇനി അറിയാനുള്ളത്‌. വി.എസ്‌. പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്‌ ഇവയാണ്‌:

* ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ ആവശ്യം സംസ്‌ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും.

* അഴിമതി പുറത്തു കൊണ്ടുവന്ന സി.ബി.ഐ. റിപ്പോര്‍ട്ട്‌ കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ചതാണ്‌. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ടതു ഡിവിഷന്‍ ബെഞ്ചാണ്‌.

* ഓരോ മൂന്നുമാസവും കേസിന്റെ പുരോഗതി കോടതി അവലോകനം ചെയ്‌തിരുന്നു. നിശ്‌ചയിച്ച സമയപരിധിയിലാണ്‌ സി.ബി.ഐ. റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌.

* അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. വസ്‌തുത ഇതായിരിക്കേ, അന്വേഷണത്തെ ചോദ്യം ചെയ്യുക എന്നാല്‍ കോടതിയെ വെല്ലുവിളിക്കുക എന്നാണര്‍ത്ഥം.

* ഞാന്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്‌ഞ ചെയ്‌ത ജനപ്രതിനിധിയാണ്‌, മുഖ്യമന്ത്രിയാണ്‌. കോടതി നിര്‍ദേശിച്ച അന്വേഷണത്തെ ഞാന്‍ വിമര്‍ശിച്ചാല്‍ അതു സത്യപ്രതിജ്‌ഞാലംഘനമാകും.

* അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക്‌ അവരുടേതായ ന്യായങ്ങളുണ്ടാകാം. കോടതിയേയും സി.ബി.ഐയേയും വിമര്‍ശിക്കാന്‍ എനിക്കിപ്പോള്‍ ഉദ്ദേശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ജനം തെരഞ്ഞെടുത്ത വി.എസ്‌. അച്യുതാനന്ദന്‍ എന്ന ഞാന്‍, ചെയ്യേണ്ടതുതന്നെയാണു ചെയ്യുന്നത്‌.

* യഥാര്‍ത്ഥ കമ്യൂണിസ്‌റ്റുകാര്‍ ഒരു കാലത്തും അഴിമതിക്കാരായിട്ടില്ല, ആവുകയുമില്ല. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ എന്റെ എല്ലാ അഭിപ്രായവും ഇപ്പോള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല. കോടതിയുടെ അന്തിമവിധിക്കു ശേഷം കൂടുതല്‍ പ്രതികരിക്കും.

ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പി.ബിയുടെ നിലപാടിനെക്കുറിച്ചു പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ നിന്നുതന്നെ വിശദീകരണം തേടണമെന്നു വി.എസ്‌. പറഞ്ഞു. പി.ബിയുടെ ഈ നിലപാട്‌ ആവര്‍ത്തിക്കുന്ന കേരളത്തിലെ മന്ത്രിമാരും സത്യപ്രതിജ്‌ഞ ലംഘിക്കുകയല്ലേ എന്നു ചോദിച്ചപ്പോള്‍ അത്‌ അവരോടുതന്നെ ചോദിക്കാനായിരുന്നു വി.എസിന്റെ മറുപടി. പിണറായി വിജയന്‍ നയിക്കുന്ന 'നവകേരളമാര്‍ച്ചി'ല്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ തുടര്‍ച്ചയായാണു വി.എസ്‌. ഭരണഘടന, സത്യപ്രതിജ്‌ഞ തുടങ്ങിയ കാര്യങ്ങളില്‍ വാചാലനായത്‌.

പിണറായിക്കു വിജിലന്‍സ്‌ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌ കൊടുത്തിട്ടില്ല: ചെന്നിത്തല

കോഴിക്കോട്‌: ലാവ്‌ലിന്‍ കേസന്വേഷണം നടത്തിയ വിജിലന്‍സ്‌ പിണറായി വിജയനു 'ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്‌' കൊടുത്തിട്ടില്ലെന്നു കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല.

എട്ട്‌ ഉദ്യോഗസ്‌ഥരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താനാകുമെന്നാണു വിജിലന്‍സ്‌ അന്നു പറഞ്ഞതെന്ന്‌ അദ്ദേഹം പറഞ്ഞു.

കോടതിയില്‍ ഹാജരാകാന്‍ പിണറായി വിജയന്‌ മാര്‍ച്ച്‌ രണ്ടുവരെ സമയം അനുവദിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി നാലിന്‌ ഹാജരാകാന്‍ കോടതിയില്‍ നിന്നുമയച്ച നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും നവകേരള യാത്രയുടെ തിരക്കുകാരണം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകാന്‍ മറ്റൊരുദിവസം അനുവാദം ചോദിച്ചുകൊണ്ട്‌ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷയും മെമോ ഓഫ്‌ അപ്പിയറന്‍സും ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കിളിരൂര്‍ പീഡന കേസിനെ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.രാജേന്ദ്രന്‍, രണ്ടു മന്ത്രിപുത്രന്മാര്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ മുമ്പാകെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തിരുന്നു.

കോടതിയില്‍ ഹാജരാകാന്‍ പിണറായി വിജയന്‌ മാര്‍ച്ച്‌ രണ്ടുവരെ സമയം അനുവദിച്ചു

തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ ഫെബ്രുവരി നാലിന്‌ ഹാജരാകാന്‍ കോടതിയില്‍ നിന്നുമയച്ച നോട്ടീസ്‌ കൈപ്പറ്റിയെങ്കിലും നവകേരള യാത്രയുടെ തിരക്കുകാരണം സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടതിയില്‍ ഹാജരായില്ല. കോടതിയില്‍ ഹാജരാകാന്‍ മറ്റൊരുദിവസം അനുവാദം ചോദിച്ചുകൊണ്ട്‌ അദ്ദേഹത്തിനുവേണ്ടി അഭിഭാഷകന്‍ അപേക്ഷയും മെമോ ഓഫ്‌ അപ്പിയറന്‍സും ഫയല്‍ ചെയ്‌തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കിളിരൂര്‍ പീഡന കേസിനെ സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന്‌ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, പ്രൈവറ്റ്‌ സെക്രട്ടറി എസ്‌.രാജേന്ദ്രന്‍, രണ്ടു മന്ത്രിപുത്രന്മാര്‍ എന്നിവരെ പ്രതിചേര്‍ത്ത്‌ അഭിഭാഷകനായ നെയ്യാറ്റിന്‍കര പി.നാഗരാജ്‌ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ ഫിലിപ്പ്‌ തോമസ്‌ മുമ്പാകെ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്‌തിരുന്നു.

പിണറായി സി.പി.എം. എന്ന കമ്പനിയുടെ എം.ഡി: എം.ആര്‍ മുരളി

അമ്പലപ്പുഴ: സി.പി.എം. എന്ന കമ്പനിയുടെ എം.ഡിയായാണ്‌ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ സി.പി.എം. വിമത നേതാവ്‌ എം.ആര്‍ മുരളി. അമ്പലപ്പുഴയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സി.പി.എം. വിമതന്‍ ധ്യാനസുതന്‌ പൗരസമിതി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലാളിയെ പറഞ്ഞാല്‍ കൈവെട്ടുമെന്നു പറയുന്ന മന്ത്രി പിണറായി വിജയന്റെ ഗുണ്ടയാണ്‌്. പിണറായിയുടെ വീട്ടുമുറ്റത്ത്‌ കെട്ടിയിരിക്കുന്ന മൃഗത്തേപ്പോലെ കുരയ്‌ക്കുകയാണ്‌ ഈ മന്ത്രി.

ഇ.എം.എസ്‌, എ.കെ.ജി തുടങ്ങിയ നേതാക്കള്‍ക്കുപകരം സാന്റിയാഗോ മാര്‍ട്ടിന്‍, ഫാരിസ്‌ അബൂബക്കര്‍ തുടങ്ങിയവരെയാണ്‌ പുതിയ തലമുറയെ പാര്‍ട്ടി പരിചയപ്പെടുത്തുന്നത്‌. ഈ മാഫിയകള്‍ മിസ്‌ഡ് കോള്‍ അടിച്ചുകഴിഞ്ഞാല്‍ ഇപ്പോഴത്തെ ഉന്നതനേതാക്കന്മാര്‍ ഇവരെ തിരിച്ചുവിളിക്കുന്ന അവസ്‌ഥയാണുള്ളത്‌. വി.എസിനെ ആക്ഷേപിച്ച ഊശാന്‍ താടിക്കാരായ ബുദ്ധിജീവികള്‍ തങ്ങള്‍ക്ക്‌ പുതിയ ഇരിപ്പിടങ്ങള്‍ തന്നവരോട്‌ നന്ദിയും പുതിയ ഇരിപ്പിടങ്ങള്‍ കിട്ടാനുള്ള മണിയടിയുമാണ്‌ നടത്തുന്നത്‌.

വി.എസ്‌ അനുഭവിച്ച ത്യാഗത്തെക്കുറിച്ചോര്‍ത്താല്‍ ഏഴു ദിവസം മുകുന്ദനും കെ.ഇ.എന്‍ അതിനേക്കാള്‍ കൂടുതല്‍ ദിവസവും പനിച്ചുകിടക്കും. എം.ആര്‍ മുരളി പറഞ്ഞു. എ.എ അഷറഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുരളി ജില്ലയിലെ ചില പ്രമുഖ വി.എസ്‌ പക്ഷ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായും സൂചനയുണ്ട്‌.

Monday, February 2, 2009

ലാവ്‌ലിന്‍ കേസ്‌: പിണറായി ഉള്‍പ്പെടെ 3 പ്രതികള്‍ക്ക്‌ ഹൈക്കോടതി നോട്ടീസ്‌‍‍‍‍‍

കൊച്ചി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുള്‍പ്പെടെ മൂന്നു പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ പ്രതികളുടെ ഭാഗം കൂടി വ്യക്‌തമാക്കാണ്‌ നോട്ടീസ്‌. പ്രത്യേക ദൂതന്‍ വഴിയാവും നോട്ടീസ്‌ അയയ്‌ക്കുക. കേസില്‍ ഒന്നാം പ്രതി മോഹനചന്ദ്രന്‍, 10-ാം പ്രതി ഫ്രാന്‍സീസ്‌ എന്നിവരാണ്‌ മറ്റു രണ്ടു പ്രതികള്‍. കേസ് ഈ മാസം ഒന്‍പതിലേക്ക് മാറ്റി.കേസില്‍ പ്രൊസിക്യുഷന്‍ അനുമതി ​േ​വണമോ വേണ്ടയോ എന്നതാണ് പരിഗണിക്കുന്നത്. അനുമതി വേണ്ടെങ്കില്‍ സി.ബി.ഐക്ക് കുറ്റപത്രം സമര്‍പ്പിക്കാം മൂന്നു പ്രതികളെയും പ്രൊസിക്യൂട്ട്‌ ചെയ്യാന്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്ന്‌ വ്യക്‌തമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയയ്‌ക്കുന്നത്‌. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ്സ് ജനറലിന്റെ അഭിപ്രായം കോടതി ആരാഞ്ഞില്ല.

Tuesday, January 27, 2009

സി.ബി.ഐയെ ഒഴിവാക്കാന്‍ സര്‍ക്കാരിന്‌ 'ഇതുവരെ' ചെലവ്‌ 10 ലക്ഷം

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ ഇടപാടു സി.ബി.ഐ. അന്വേഷണത്തിനു വിടരുതെന്നു വാദിക്കാന്‍ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു ചെലവാക്കിയത്‌ 9.90 ലക്ഷം രൂപ. സുപ്രീംകോടതിയിലെ രണ്ടു മുതിര്‍ന്ന അഭിഭാഷകര്‍ക്കു ഹൈക്കോടതിയില്‍ ഹാജരാകാനുള്ള പ്രതിഫലമായാണ്‌ ഈ തുക നല്‍കിയത്‌. അന്വേഷണം പൂര്‍ത്തിയായെന്നും 'ചില പ്രതികളെ' പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുവാദം വേണമെന്നും സി.ബി.ഐ. വ്യക്‌തമാക്കിയ സാഹചര്യത്തില്‍ ജനത്തിന്റെ നികുതിപ്പണത്തില്‍നിന്ന്‌ ഇനി എത്ര കോടികള്‍ ഒഴുകുമെന്നത്‌ അറിയാനിരിക്കുന്നതേയുള്ളൂ. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനു പങ്കുണ്ടെന്ന്‌ ആരോപിക്കപ്പെടുന്ന ഇടപാടില്‍ ക്രൈം വാരിക ചീഫ്‌ എഡിറ്റര്‍ ടി.പി. നന്ദകുമാറും തലശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്‌ എന്ന സംഘടനയുമാണു ഹൈക്കോടതിയെ സമീപിച്ചത്‌. അന്വേഷണം സി.ബി.ഐക്കു വിടുന്നതു തടയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകരായ സി.എസ്‌. വൈദ്യനാഥന്‍, ആര്‍.കെ. ആനന്ദ്‌ എന്നിവരുടെ സേവനം തേടി. എന്നാല്‍, സര്‍ക്കാരിന്റെ വാദം തള്ളിയ ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന്‌ അനുമതി നല്‍കി. ലാവ്‌ലിന്‍ ഇടപാടില്‍ അന്നു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സി.ബി.ഐ. കണ്ടെത്തി. വക്കീല്‍ഫീസായി 9.90 ലക്ഷം രൂപയാണു വൈദ്യനാഥന്‍ ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത്‌ 4.40 ലക്ഷമാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ചു പരാജയപ്പെട്ടയാളാണ്‌ ആര്‍.കെ. ആനന്ദ്‌. അദ്ദേഹം 10.90 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 5.50 ലക്ഷമാണ്‌ അനുവദിച്ചത്‌. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ്‌ ജനറല്‍ ഉള്‍പ്പെടെ 72 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെയാണു സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്‌തത്‌. 72 സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പള ഇനത്തില്‍ മാത്രം പ്രതിമാസം 13.39 ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന്‌ 2007 ജൂണില്‍ വിവരാവകാശ നിയമപ്രകാരം നിയമവകുപ്പില്‍നിന്നു ലഭിച്ച മറുപടിയില്‍ വ്യക്‌തമാക്കുന്നു.

പി.ബിക്കു വി.എസ്‌. നല്‍കിയത്‌ ശക്‌തമായ തെളിവുകള്‍

ഇടുക്കി: സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാക്കിയ ലാവ്‌ലിന്‍ കേസില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരേ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പി.ബിക്കു കൈമാറിയത്‌ അനിഷേധ്യമായ തെളിവുകള്‍. ഒന്‍പതാം പ്രതിയായ പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ സി.ബി.ഐ. അനുമതി തേടിയയുടന്‍ ഡല്‍ഹിയില്‍ പറന്നെത്തിയ വി.എസ്‌. മൂന്നുപേജുള്ള കത്തിനു പുറമേ മുന്നൂറു പേജുള്ള തെളിവുകളുടെ പകര്‍പ്പും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു കൈമാറി. സി.എ.ജിക്കു ലഭിക്കാത്ത സുപ്രധാനമായ പല രേഖകളും മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്നത്രേ. പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റണമെന്നും അദ്ദേഹം നയിക്കുന്ന 'നവകേരളയാത്ര' തടയണമെന്നും ഭരണഘടനാലംഘനം നടത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരേ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. പിണറായി നയിക്കുന്ന 'നവകേരളയാത്ര'യില്‍നിന്നു വി.എസ്‌. വിട്ടുനില്‍ക്കുമെന്നാണു സൂചന. കത്തു പരിശോധിച്ചശേഷം സമ്പൂര്‍ണ പി.ബി. ചേര്‍ന്നു തീരുമാനമെടുക്കാമെന്നും അതുവരെ മൗനം പാലിക്കണമെന്നുമാണു പാര്‍ട്ടി നേതൃത്വം വി.എസിനോടു നിര്‍ദേശിച്ചത്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ പിണറായിയെ പി.ബി. കൈവിടുമെന്ന സൂചനയും വി.എസിനു ലഭിച്ചെന്നറിയുന്നു. ക്രമക്കേടിനെപ്പറ്റി പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ്‌ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍തന്നെ പിണറായിയെ സെക്രട്ടറിസ്‌ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു വി.എസ്‌. കത്തു നല്‍കിയിരുന്നു. അടുത്ത റിപ്പോര്‍ട്ട്‌വരെ കാത്തിരിക്കാനായിരുന്നു അന്നു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ക്രമക്കേടു സി.എ.ജി. സ്‌ഥിരീകരിച്ചതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുന്നൂറുപേജുള്ള രേഖകള്‍ കൈമാറി. അത്‌ ഔദ്യോഗിക വിഭാഗത്തെ പ്രകോപിപ്പിച്ചതിന്റെ ഫലമായിട്ടായിരുന്നു വി.എസിനു സീറ്റ്‌ നിഷേധിച്ചത്‌. വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ കാനഡയില്‍ എത്തിയാണു കണ്‍സള്‍ട്ടന്‍സി കരാര്‍, സപ്ലൈ കരാറാക്കാന്‍ തീരുമാനിച്ചത്‌. ഈ യോഗത്തിന്റെ മിനിട്‌സിന്റെ വിശദാംശം സി.ബി.ഐക്കും ലഭ്യമാക്കിയിരുന്നു. യാതൊരു പഠനവുമില്ലാതെയാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനു 374 കോടി വാഗ്‌ദാനം ചെയ്‌തു മടങ്ങിയത്‌. തിരിച്ചെത്തിയശേഷം കരാറുണ്ടാക്കി.മാസങ്ങള്‍ക്കുശേഷം ദേശീയ ജലവൈദ്യുതി കോര്‍പറേഷന്റെ അഭിപ്രായം വൈദ്യുതി ബോര്‍ഡ്‌ ആരാഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്റെ നൂറുകോടിയോളം ഗ്രാന്റ്‌ ലഭിക്കുമെങ്കില്‍ തരക്കേടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീടു മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍നിന്ന്‌ ഈ വ്യവസ്‌ഥ മറച്ചുവച്ചു.വെട്ടിത്തിരുത്തിയ മിനിട്‌സിന്റെ പകര്‍പ്പും മുഖ്യമന്ത്രി പി.ബിക്കു കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്നാണു സൂചന. ഈ മിനിട്‌സ് സി.ബി.ഐക്ക്‌ ആദ്യം ലഭ്യമായിരുന്നില്ല. പിന്നീടു വൈദ്യുതിമന്ത്രിയുടെ ഓഫീസില്‍നിന്നാണ്‌ ഇതു കിട്ടിയതത്രേ. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഭരണസമിതിയുടെ യോഗ മിനിട്‌സ് ഉള്‍പ്പെടെ നിരവധി രേഖകള്‍ പി.ബിക്കു വി.എസ്‌. കൈമാറി. മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനത്തെത്തുടര്‍ന്ന്‌ ഉണ്ടാക്കിയ കരാറിലെ ക്രമക്കേടാണു സി.ബി.ഐ. ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്‌. അതിനാല്‍ ഒരുവിധത്തിലും പിണറായിക്ക്‌ ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാനാകില്ലെന്നു പി.ബിയെ വി.എസ്‌. ധരിപ്പിച്ചെന്നാണ്‌ അറിയുന്നത്‌.

ടെക്‌നിക്കാലിയയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും

കൊച്ചി: ലാവ്‌ലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ടെക്‌നിക്കാലിയ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നു സൂചന.ഇക്കാര്യം പുറത്തു വരുന്നതോടെ മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നില കൂടുതല്‍ പരുങ്ങലിലാകും. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കെട്ടിട നിര്‍മാണം നടത്തിയതു ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കാലിയയായിരുന്നു. കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ ധനസഹായം നല്‍കിയത്‌ ഈ കമ്പനി വഴിയാണ്‌. കരാറിലോ ധാരണാ പത്രത്തിലോ കമ്പനിയെക്കുറിച്ചു സൂചിപ്പിച്ചിട്ടില്ല. ഈ കമ്പനിയുമായി ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൂമാഫിയ തലവനു ബന്ധമുണ്ടെന്ന വാര്‍ത്തയും സി.പി.എമ്മിനെ വലയ്‌ക്കുന്നു.ലാവ്‌ലിനില്‍നിന്നും ലഭിക്കുന്ന തുക കെ.എസ്‌.ഇ.ബി. വഴിയല്ല വരുന്നതെന്നും ഈ തുക ലഭിക്കുമെന്ന്‌ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ ബോര്‍ഡ്‌ സെക്രട്ടറി ഊര്‍ജവകുപ്പ്‌ സെക്രട്ടറിക്കു കത്തയച്ചിരുന്നു. അന്നു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നു നടിക്കുകയായിരുന്നു. കെട്ടിട നിര്‍മാണത്തിന്റെ ചെലവുകള്‍ ഈ കമ്പനി അധികൃതര്‍ തന്നെ തയാറാക്കുകയായിരുന്നെന്നും സര്‍ക്കാരിന്‌ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും മുന്‍ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ 'മംഗള'ത്തോടു പറഞ്ഞു.പിണറായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 30നു പി.ബി. യോഗം കൂടാനിടയില്ലെന്ന്‌ ഏകദേശം വ്യക്‌തമായി. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തിയശേഷം ഫെബ്രുവരി മൂന്നിനു പി.ബി. കൂടാനാണ്‌ ഇപ്പോള്‍ ഏകദേശ ധാരണയായിരിക്കുന്നത്‌. മുഖ്യമന്ത്രി ചെയര്‍മാനായി ആരംഭിച്ച മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ അക്കൗണ്ടില്‍ സംഭാവനയായി ഒന്നും എത്തിയിട്ടില്ല. അക്കൗണ്ട്‌ തുടങ്ങാന്‍ വേണ്ട 300 രൂപ മാത്രമാണു സൊസൈറ്റിയുടെ 'സമ്പാദ്യം'. നായനാരെ നോക്കുകുത്തിയാക്കി ടെക്‌നിക്കാലിയയ്‌ക്ക് അനുകൂലമായ നിലപാടാണു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സ്വീകരിച്ചത്‌

Friday, January 23, 2009

ക്രിമിനല്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടന്നു-സി.ബി.ഐ.

ലാവലിന്‍: പിണറായി ഒമ്പതാം പ്രതി കൊച്ചി: എസ്‌.എന്‍.സി. ലാവലിന്‍ കരാറില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തിയതായി സി.ബി.ഐ. കണ്ടെത്തി. ഈ അഴിമതി കേസില്‍ അദ്ദേഹത്തെ ഒന്‍പതാം പ്രതിയാക്കാനാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ. കുറ്റപത്രം തയ്യാറാകുമ്പോള്‍ കേസില്‍ പതിനൊന്ന്‌ പ്രതികളുണ്ടാകും. അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ ഹൈക്കോടതിയില്‍ സി.ബി.ഐ. നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലാണ്‌ ഈ വെളിപ്പെടുത്തലുകള്‍. കേസ്‌ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്‌ ഹൈക്കോടതിയാണ്‌. ജനവരി 27-ന്‌ റിപ്പോര്‍ട്ട്‌ കോടതി പരിഗണിക്കും. കേസ്‌ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കുറ്റപത്രം എന്ന്‌ നല്‍കുമെന്ന്‌ സി.ബി.ഐ. വെളിപ്പെടുത്തിയിട്ടില്ല. പിണറായി വിജയനെയും മറ്റ്‌ ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനായി ഗവര്‍ണറുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിക്കായി സി.ബി.ഐ. അപേക്ഷിച്ചിട്ടുണ്ട്‌. അനുമതി കിട്ടിയ ശേഷം കുറ്റപത്രം സി.ബി.ഐ. പ്രത്യേക കോടതിയില്‍ നല്‍കും. ഇടുക്കി ജില്ലയിലെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കാനും നവീകരിക്കാനുമായി കാനഡയിലെ ലാവലിന്‍ കമ്പനിയുമായിട്ടാണ്‌ 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചത്‌. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഈ കരാറില്‍ തികച്ചും നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. സംസ്ഥാന മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചും ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ കടുത്ത എതിര്‍പ്പുകള്‍ പാടെ തട്ടിയകറ്റിയും മറികടന്നുമാണ്‌ ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന്‌ സി.ബി.ഐ. ആരോപിച്ചു. ഈ നിയമവിരുദ്ധമായ കരാര്‍മൂലം സംസ്ഥാന സര്‍ക്കാരിന്‌ 86 കോടി രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്‌. എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അന്ന്‌ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എന്ന്‌ സി.ബി.ഐ. പറഞ്ഞു. കേസുമായി ബന്ധപ്പെട്ട്‌ വ്യക്തികളെയും സാക്ഷികളെയും പ്രതികളെയും വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ്‌ പിണറായി വിജയന്‌ ഈ കരാറില്‍ ഉണ്ടായിരുന്ന താത്‌പര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുവന്നതെന്ന്‌ കേസ്‌ അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ.യുടെ ചെന്നൈ ഡിവൈ.എസ്‌.പി. അശോക്‌ കുമാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‌. കരാറിനെ എതിര്‍ത്ത ഉദ്യോഗസ്ഥരെയെല്ലാം അവരില്‍ സമ്മര്‍ദം ചെലുത്തി പിണറായി വിജയന്‍ പിന്തിരിപ്പിച്ചുവെന്നും നിയമവിരുദ്ധമായ പ്രവൃത്തികള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും സി.ബി.ഐ. ആരോപിച്ചു. ഈ കരാറിന്റെ ഗൂഢാലോചനയ്‌ക്ക്‌ തുടക്കം കുറിച്ചത്‌ അന്നത്തെ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ. മോഹനചന്ദ്രനായിരുന്നു. ഇതില്‍ പിന്നീട്‌ ബോര്‍ഡിന്റെ ചെയര്‍മാനായ ആര്‍. ശിവദാസും പങ്കുവഹിച്ചു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ അദ്ദേഹവും കരുക്കള്‍ നീക്കി. പിണറായി വിജയനുമായി ഒത്തുചേരുകയും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ചെയ്‌ത മറ്റൊരു പ്രതിയാണ്‌ മുന്‍ ഊര്‍ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ്‌. പിണറായിയുടെ നിയമവിരുദ്ധമായ താത്‌പര്യങ്ങള്‍ക്ക്‌ തണലായി നിന്നത്‌ അദ്ദേഹമാണ്‌. നിര്‍ണായകമായ പല വിവരങ്ങളും മറച്ചുവെച്ച്‌ കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായിക്ക്‌ ഫ്രാന്‍സിസിന്റെ സഹായം കിട്ടിയിരുന്നു. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ പാടേ മറികടന്നുകൊണ്ടാണ്‌ കരാര്‍ നടപ്പിലാക്കിയത്‌. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളിലെ ഉപകരണങ്ങളില്‍ ചിലത്‌ മാറ്റിയാല്‍ മതിയെന്നും 100 കോടി രൂപയ്‌ക്ക്‌ അറ്റകുറ്റപ്പണികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമായിരുന്നു ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്‌. അതും മറ്റ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും നിരസിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെയും അനുമതി പ്രസ്‌തുത കരാറിനായി നേടിയിരുന്നില്ലെന്നും ഇത്‌ നിയമവിരുദ്ധമാണെന്നും സി.ബി.ഐ. ആരോപിക്കുന്നു. ഹൈക്കോടതിയുടെ 2007 ജനവരി 17-ലെ ഉത്തരവ്‌ പ്രകാരമാണ്‌ ലാവലിന്‍ കേസ്‌ സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ ഏറ്റെടുത്തത്‌. ഒരു വര്‍ഷവും പത്ത്‌ മാസവും കൊണ്ട്‌ അന്വേഷണം പൂര്‍ത്തിയായി.
രണ്ടും കല്‍പിച്ചു വി.എസ്‌. പക്ഷം: ഊരാക്കുടുക്ക്‌
ലാവ്ലിന്‍ കസ് : എല്ലാവരും വലയി​േ​ലക്ക്. ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ അഴിമതിക്കേസില്‍ പ്രതിയായതിനേത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാവാതെ സി.പി.എം. നേതൃത്വം ഊരാക്കുടുക്കില്‍. എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പോളിറ്റ്‌ ബ്യൂറോ പിണറായിയെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചെങ്കിലും പ്രശ്‌നത്തില്‍ വി.എസ്‌. പക്ഷം കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നതു പാര്‍ട്ടി നേതൃത്വത്തിനു കീറാമുട്ടിയായി. പിണറായിയെ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റണമെന്നും പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി 'നവകേരളയാത്ര' അനുവദിക്കരുതെന്നും വി.എസ്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.സംസ്‌ഥാന സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം, പി.ബി. അംഗം എന്നീ പദവികള്‍ വഹിക്കുന്ന പിണറായി അഴിമതിക്കേസില്‍ പ്രതിയായ സാഹചര്യത്തില്‍, പാര്‍ട്ടി എങ്ങനെ വ്യാഖ്യാനിച്ചാലും ജനത്തെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നു വി.എസ്‌. കാരാട്ടിനെ ബോധ്യപ്പെടുത്തി. തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കും. പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന പക്ഷം കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും വി.എസ്‌. കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച പ്രത്യേക പോളിറ്റ്‌ ബ്യൂറോ യോഗം വിളിക്കാമെന്നു കാരാട്ട്‌ ഉറപ്പുനല്‍കിയത്‌. ലാവ്‌ലിന്‍ കേസിനെ രാഷ്‌ട്രീയമായി നേരിടാന്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചെങ്കിലും അതെങ്ങനെയെന്നതാണു പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുള്ള പ്രശ്‌നം. ഇന്നലെച്ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ കേസിനെ നേരിടാനുള്ള ചില തന്ത്രങ്ങള്‍ക്കു രൂപം നല്‍കി. പാര്‍ട്ടി നേതാക്കളും ഇടതുമുന്നണി നേതാക്കളും ലാവ്‌ലിന്‍ കേസില്‍ പരസ്യപ്രതികരണത്തിനു മുതിരില്ല. അതിനായി ചുമതലപ്പെടുത്തിയ നേതാക്കള്‍ മാത്രമാകും പ്രതികരിക്കുക. പാര്‍ട്ടിമാധ്യമങ്ങളിലൂടെ ശക്‌തമായ പ്രചാരണവും നടത്തും. വ്യാഴാഴ്‌ചത്തെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതിരുന്ന വി.എസ്‌. ഇന്നലെയും പങ്കെടുത്തില്ല. പിണറായി സെക്രട്ടറി സ്‌ഥാനം ഒഴിയണമെന്നു പാര്‍ട്ടിവേദികളിലെല്ലാം ആവശ്യപ്പെടാനാണു വി.എസ്‌. പക്ഷത്തിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ പിണറായിയെ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കു മുതിരില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും പാര്‍ട്ടിക്ക്‌ ആശങ്കയുണ്ട്‌. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ അടുത്തയാഴ്‌ച പ്രത്യേക പി.ബി. യോഗം ചേരുമെന്ന ഉറപ്പുമായാണു വി.എസ്‌. ന്യൂഡല്‍ഹിയില്‍നിന്നു മടങ്ങിയത്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ. വെളിപ്പെടുത്തലിനേത്തുടര്‍ന്നു സംഘടനാപരമായ ചില നടപടികള്‍ക്കു പി.ബി. നിര്‍ബന്ധിതമാകുമെന്ന പ്രതീക്ഷയിലാണു വി.എസ്‌. പക്ഷം. ഏറെനാളുകള്‍ക്കു ശേഷം പിണറായിപക്ഷത്തെ പ്രതിരോധത്തിലാക്കാനായതിന്റെ ആവേശമുണ്ടെങ്കിലും പി.ബിയും സംസ്‌ഥാന സെക്രട്ടേറിയറ്റും ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പിണറായി വിജയനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 'നടപടിയെടുപ്പിക്കാന്‍' വി.എസ്‌. പക്ഷത്തിനു വിയര്‍പ്പൊഴുക്കേണ്ടിവരും. ലാവ്‌ലിന്‍ സംബന്ധിച്ച സംഘടനാ ചര്‍ച്ചകള്‍ക്കു 30-നകം പി.ബിയുടെ പൂര്‍ണയോഗം വിളിക്കുമെന്ന ഉറപ്പുനേടിയാണു വി.എസ്‌. ഡല്‍ഹിയില്‍നിന്നു മടങ്ങിയത്‌. അതുവരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അരുതെന്നു വി.എസിനു നിര്‍ദേശമുണ്ട്‌. ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്നു പി.ബി. പ്രസ്‌താവിച്ചുകഴിഞ്ഞ സ്‌ഥിതിക്ക്‌ പിണറായിക്കെതിരേ എങ്ങനെ നടപടിയെടുക്കുമെന്ന ചോദ്യവും രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയരുന്നു. പി.ബിയില്‍നിന്ന്‌ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത തീരുമാനത്തിനാണു കൂടുതല്‍ സാധ്യത. കടുത്ത നടപടികള്‍ ഉണ്ടായാല്‍തന്നെ അതു ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും

Wednesday, January 21, 2009

മാധ്യമ പ്രവര്‍ത്തകന്‌ സാമൂഹ്യ പ്രതിബദ്ധത വേണം: പിണറായി

മാധ്യമ പ്രവര്‍ത്തകന്‌ സാമൂഹ്യ പ്രതിബദ്ധത വേണം: പിണറായി
തൃശൂര്‍: മാധ്യമ പ്രവര്‍ത്തകന്‌ സാമൂഹ്യ പ്രതിബദ്ധത വേണമെന്ന്‌ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. തെറ്റിനെ വിമര്‍ശിക്കണമെന്നും അതോടൊപ്പം പ്രലോഭനങ്ങള്‍ക്കു വഴിപ്പെടുന്ന അവസ്‌ഥ ഉണ്ടാകരുതെന്നും എക്‌സ്പ്രസ്‌ ദിനപത്രത്തിന്റെ പത്രാധിപരായിരുന്ന പി. ശ്രീധരന്റെ ലേഖനങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. സെന്‍സേഷണല്‍ വാര്‍ത്ത സൃഷ്‌ടിക്കാന്‍ താത്‌പര്യപ്പെടുന്നവര്‍ ആ വാര്‍ത്തകളുടെ പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ചും ഫലത്തെക്കുറിച്ചും ചിന്തിക്കുന്നുണ്ടോ? പുതുതലമുറയിലെ ചില പത്രപ്രവര്‍ത്തകര്‍ക്ക്‌ സി.പി.എമ്മിന്റെ പൂര്‍ണ്ണ തകര്‍ച്ച വേണമെന്ന നിലയാണ്‌. പക്ഷേ പിന്നീട്‌ വലതു പക്ഷം ആ സ്‌ഥാനം ഏറ്റെടുത്താല്‍ സമൂഹത്തിനുണ്ടാകുന്ന ദുര്‍ഗതി ചിന്തിച്ചിട്ടുണ്ടോ?തിരുവനന്തപുരത്ത്‌ എസ്‌.എ.ടി ആശുപത്രിയില്‍ തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട്‌ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ അവിടെ ആശ്രയിക്കാന്‍ പറ്റില്ലെന്ന പ്രതീതിയുണ്ടാക്കിയ വിധമാണ്‌ എഴുതിയത്‌. കഴുത്തറപ്പന്‍ ഫീസ്‌ വാങ്ങുന്ന സ്വകാര്യ ആശുപത്രികളെയാണ്‌ ഇത്തരം വാര്‍ത്തകള്‍ സഹായിക്കുക. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനും തെറ്റ്‌ തിരുത്താനും തങ്ങള്‍ തയാറാണ്‌. പഴയകാല മാധ്യമ പ്രവര്‍ത്തകരും തങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്‌. അത്‌ പക്ഷേ സി.പി.എം നശിക്കണമെന്ന ഉദ്ദേശ്യത്തിലായിരുന്നില്ല. ഗ്രന്ഥകാരന്‍ പി. ശ്രീധരന്‍ ഒരു ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെയും ഉത്‌പന്നമായിരുന്നില്ല. പക്ഷേ മനുഷ്യനുമായി അടുത്തുനില്‍ക്കുന്ന പത്രപ്രവര്‍ത്തനമാണ്‌ നടത്തിയതെന്നും പിണറായി പറഞ്ഞു.

മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധാരാളിത്തം

മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധാരാളിത്തം
കൊച്ചി: വൈദ്യുതി പ്രതിസന്ധിയില്‍ നാട്ടുകാര്‍ നട്ടം തിരിയുമ്പോഴും മന്ത്രിമാരുടെ മണിമന്ദിരങ്ങളില്‍ വൈദ്യുതി ഉപയോഗം മേലോട്ട്‌. ഊര്‍ജ സംരക്ഷണ സന്ദേശ പ്രചാരണത്തിനു വേണ്ടി കോടികള്‍ ചെലവിട്ടു പ്രൈമറി സ്‌കൂളിലെ കുട്ടികളെ വരെ ബോധവല്‍കരിച്ചിട്ടും വൈദ്യുതി നിയന്ത്രണം സ്വന്തം വീട്ടില്‍ നടപ്പാക്കാന്‍ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും കഴിഞ്ഞിട്ടില്ല.ലോഡ്‌ ഷെഡിംഗ്‌ ഏര്‍പ്പെടുത്തിയശേഷവും മന്ത്രിമന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കൂടിയിട്ടേയുള്ളൂവെന്നു വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. മന്ത്രിമാര്‍ക്ക്‌ ഊര്‍ജ സംരക്ഷണ ബോധവല്‍കരണം ഉണ്ടായിട്ടില്ല; അതല്ലെങ്കില്‍ നിയന്ത്രണം തങ്ങള്‍ക്കു ബാധകമല്ലെന്നു നടിക്കുന്നു. മന്ത്രിമാര്‍ ഇരുട്ടിലാകാതെ എ.സിയുടെ ശീതളിമയില്‍ കഴിയുന്നതിന്റെ ചെലവു ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന്‌ എടുക്കുന്നതിനാല്‍ ബില്ലുകള്‍ കൃത്യമായി അടയ്‌ക്കുന്നുണ്ട്‌. പണം ഖജനാവില്‍ നിന്നായതിനാല്‍ അധിക നിരക്കിനെയും സര്‍ചാര്‍ജിനെയും പേടിക്കുകയും വേണ്ട. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്തു കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ത്തന്നെ സ്‌കൂളുകളില്‍ സെമിനാറുകള്‍ തുടങ്ങി. പത്രമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു പുറമേ ലഘുലേഖകളും പുറത്തിറക്കി. ഊര്‍ജ സംരക്ഷണത്തെപ്പറ്റി സൂപ്പര്‍ താരങ്ങളെയും അണിനിരത്തി ദൃശ്യമാധ്യമങ്ങളില്‍ ഫെബ്രുവരി മുതല്‍ 55 ദിവസം കാമ്പയിന്‍ നടത്തി. 2007 ഏപ്രില്‍ മുതല്‍ ഊര്‍ജ സംരക്ഷണ സന്ദേശ പ്രചാരണത്തിനായി 1.58 കോടി രൂപയാണ്‌ ചെലവിട്ടതെന്നു കെ.എസ്‌.ഇ.ബി. വെളിപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 മുതല്‍ അര മണിക്കൂര്‍ ലോഡ്‌ ഷെഡിംഗ്‌ നിലവില്‍ വന്നു. ജൂലൈ, ഒക്‌ടോബര്‍ മാസങ്ങളിലായി ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ ഉപയോക്‌താക്കള്‍ക്കു പവര്‍ കട്ടിനും തീരുമാനമെടുത്തു. ഇങ്ങനെ പൊതുജനത്തെയും വ്യവസായികളെയും വലച്ചെങ്കിലും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ മന്ത്രിമാര്‍ക്കു കുലുക്കമുണ്ടായില്ല.2008 ജനുവരിയില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ 8030-4 കണ്‍സ്യൂമര്‍ നമ്പറില്‍ 5457 യൂണിറ്റ്‌ (36717 രൂപ) ആയിരുന്നു ഉപഭോഗം. ഒക്‌ടോബര്‍ മാസത്തിലെ ബില്ല്‌ 42252 രൂപയുടേതാണ്‌ (5827 യൂണിറ്റ്‌). അദ്ദേഹത്തിന്റെ തന്നെ 8527-4 കണ്‍സ്യൂമര്‍ നമ്പറില്‍ വൈദ്യുതി ഉപയോഗം ഇല്ലെങ്കിലും പ്രതിമാസം 2605 രൂപയുടെ ബില്ല്‌ അടയ്‌ക്കുന്നുണ്ട്‌.എം. വിജയകുമാര്‍ - ജനുവരി 1278 യൂണിറ്റ്‌ (8528 രൂപ); ഒക്‌ടോബര്‍ 1499 യൂണിറ്റ്‌ (10690 രൂപ). എന്‍.കെ. പ്രേമചന്ദ്രന്‍ - ജനുവരി 1560 യൂണിറ്റ്‌ (10330 രൂപ); ഒക്‌ടോബര്‍ 1468 യൂണിറ്റ്‌ (10477 രൂപ). എം.എ. ബേബി - ജനുവരി 1382 യൂണിറ്റ്‌ (9688 രൂപ); ഒക്‌ടോബര്‍ 1844 യൂണിറ്റ്‌ (13644 രൂപ). പാലോളി മുഹമ്മദ്‌ കുട്ടി - ജനുവരി 1418 യൂണിറ്റ്‌ (9808 രൂപ); ഒക്‌ടോബര്‍ 1999 യൂണിറ്റ്‌ (14565 രൂപ). ജനുവരിയില്‍ 7220 രൂപയുടെ ബില്ലുവന്ന ബിനോയ്‌ വിശ്വത്തിനു ജൂണില്‍ 9687 രൂപയുടെയും ഒക്‌ടോബറില്‍ 7697 രൂപയുടെയും ബില്ലാണ്‌ കിട്ടിയത്‌. നാവുകൊണ്ടു ഷോക്കടിപ്പിക്കുന്ന ജി. സുധാകരന്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലും ജനത്തെ ഷോക്കടിപ്പിച്ചു. അദ്ദേഹത്തിന്റെ 'അജന്ത'യില്‍ ജനുവരിയില്‍ 405 രൂപയായിരുന്ന ബില്ല്‌ നവംബറില്‍ 8218 രൂപയായി ഉയര്‍ന്നു. ടൂറിസം ഗസ്‌റ്റ് ഹൗസില്‍ ഫെബ്രുവരിയില്‍ 1950 രൂപയും ഒക്‌ടോബറില്‍ 2166 രൂപയുമാണ്‌ വൈദ്യുതി ബില്ല്‌. എല്ലായിടത്തും നവംബറിലെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്‌.ജനുവരിയില്‍ 1142 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിച്ച കെ.പി. രാജേന്ദ്രന്‍ ഉപഭോഗം സെപ്‌റ്റംബറില്‍ 753 യൂണിറ്റായി കുറച്ച്‌ മാതൃക കാട്ടി. നവംബറില്‍ അദ്ദേഹത്തിന്റെ ഉപഭോഗം 938 യൂണിറ്റാണ്‌. മൂന്ന്‌ കണക്ഷനുള്ള എസ്‌. ശര്‍മയും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്ന മോന്‍സ്‌ ജോസഫും വൈദ്യുതി ഉപയോഗത്തില്‍ പിശുക്കു കാട്ടിയിട്ടുണ്ട്‌.മന്ത്രിമാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ ധാരാളിത്തം കാട്ടുമ്പോള്‍ ഉദ്യോഗസ്‌ഥന്മാര്‍ ഒപ്പം നില്‍ക്കാത്തതു ശരിയല്ലല്ലോ! ബോര്‍ഡ്‌ സെക്രട്ടറി എം. സുബൈറിന്റെ വീട്ടില്‍ ജനുവരി മാസം 364 യൂണിറ്റ്‌ ആയിരുന്നത്‌ സെപ്‌റ്റംബറില്‍ 545 യൂണിറ്റും നവംബറില്‍ 541 യൂണിറ്റുമായി. ഈ വീട്‌ പൂട്ടിയിട്ടിരിക്കുകയാണെന്നു വൈദ്യുതി ബോര്‍ഡ്‌ പറയുന്നു; എന്നാല്‍ വൈദ്യുതി ചെലവാകുന്നത്‌ എങ്ങനെയെന്നു വ്യക്‌തമാക്കിയിട്ടില്ല. മന്ത്രിമാരുടെ വൈദ്യുതി ഉപയോഗത്തിനൊപ്പം ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ്‌ ഫോറം ഭാരവാഹിയായ അഡ്വ. ഡി.ബി. ബിനു വൈദ്യുതി ബോര്‍ഡ്‌ ചെയര്‍മാന്റെ ഔദ്യോഗിക വസതിയിലെ കണക്കുകളും ആവശ്യപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല. ഇതിനെതിരേ വിവരാവകാശ കമ്മിഷനെ സമീപിക്കാനാണ്‌ അഡ്വ. ബിനുവിന്റെ തീരുമാനം.

ലാവ്‌ലിന്‍: അന്വേഷണ പുരോഗതി അറിയിച്ചു;മുന്‍മ​‍്ര​ന്തി പ്രതിയെന്ന് സൂചന‍‍‍‍‍

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുരുക്കാന്‍ നീക്കം : കോടിയേരി
തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ കുരുക്കാന്‍ നീക്കം നടക്കുന്നതായി ആഭ്യന്തര മന്ത്രിയും സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്‌ണന്‍. 'ഇത്‌ സി.പി.എം. പിന്തുണ പിന്‍വലിച്ചതിനുള്ള പ്രതികാര നടപടിയാണ്‌. മായാവതിയുടെ നേരെയും ഇത്തരം നീക്കമുണ്ടായിട്ടുണ്ട്‌' - കോടിയേരി പറഞ്ഞു . നവകേരള മാര്‍ച്ചിനോട്‌ അനുബന്ധിച്ച്‌ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ്‌ കോടിയേരിയുടെ പരാമര്‍ശങ്ങള്‍. ലാവ്‌ലിന്‍ കേസില്‍ ഒരു മുന്‍മന്ത്രി ഉള്‍പ്പെട്ടതായി സി.ബി.ഐ. കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പിണറായിയുടെ പേര്‌ സി.ബി.ഐ. പുറത്തുവിട്ടിരുന്നില്ല. ഇക്കാര്യത്തില്‍ പ്രതിപക്ഷവും കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. മാധ്യമങ്ങളും അദ്ദേഹത്തിന്റെ പേര്‌ പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കോടിയേരിയുടെ പരാമര്‍ശങ്ങളെന്നത്‌ ശ്രദ്ധേയം.