മന്ത്രി ശ്രീമതിയും ജി. സുധാകരനും നേര്‍ക്കുനേര്‍: ശ്രീമതിയുടെ ഇടപെടല്‍ തടയാന്‍ ചീഫ് സെക്രട്ടറിക്കു കുറിപ്പ്
തിരുവനന്തപുരം: ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയും സഹകരണമന്ത്രി ജി. സുധാകരനും നേര്‍ക്കുനേര്‍. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രി ജില്ലാ മാതൃകാശുപത്രിയാക്കാനുള്ള പത്തു കോടിയുടെ നിധിയിലേക്കു പേരൂര്‍ക്കട സഹകരണ ബാങ്കില്‍നിന്ന് ഒരു കോടി രൂപ സംഭാവന നല്‍കണമെന്നാവശ്യപ്പെട്ട് സഹകരണമന്ത്രി അറിയാതെ ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് വിവാദമായി.
താനറിയാതെ തന്റെ വകുപ്പില്‍ ആരോഗ്യമന്ത്രി ഇടപെട്ടതിനെതിരേ രൂക്ഷമായ ഭാഷയില്‍ സഹകരണമന്ത്രി ജി. സുധാകരന്‍ ചീഫ് സെക്രട്ടറിക്കു കുറിപ്പു നല്‍കി.
പ്രശ്‌നം ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്കു വരും.
മന്ത്രി പി.കെ.ശ്രീമതിയെ പരോക്ഷമായും ആരോഗ്യ സെക്രട്ടറി വിശ്വാസ് മേത്തയെ നേരിട്ടും വിമര്‍ശിച്ചുകൊണ്ടുള്ളതാണു മന്ത്രി സുധാകരന്റെ കത്ത്.
ബാങ്ക് അറിയാതെയാണു തുക പിന്‍വലിക്കാന്‍ ശ്രമം നടന്നതെന്നും നിക്ഷേപകരുടെ താല്‍പര്യം ഇക്കാര്യത്തില്‍ മാനിച്ചില്ലെന്നും കത്തില്‍ പറയുന്നു. വിശ്വാസ്‌മേത്തയുടെ നടപടി മര്യാദകേടാണെന്നും ആഭ്യന്തര- സഹകരണ വകുപ്പിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി നീലാഗംഗാധരനെപ്പോലും അറിയിക്കാതെ നടത്തിയ രഹസ്യ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്നാണു മന്ത്രി സുധാകരന്റെ ആവശ്യം.
രസീതു കുറ്റിയുമായെത്തി പണം പിരിക്കുന്ന ലാഘവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്‌തതെന്നാണു സഹകരണ വകുപ്പിന്റെ പരാതി. മറ്റൊരു വകുപ്പില്‍നിന്നു കോടിക്കണക്കിനു രൂപ കൈയിട്ടുവാരാന്‍ അനുവദിക്കുന്ന ഉത്തരവ് ഇതിനുമുന്‍പ് ഒരു സര്‍ക്കാരിന്റെ കാലത്തും ഇറങ്ങിയിട്ടില്ല. പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍നിന്ന് ഒരു കോടി, തിരുവനന്തപുരം കോര്‍പറേഷനില്‍നിന്ന് ഒരു കോടി, എന്‍.ആര്‍.എച്ച്.എം വക ഒരു കോടി, എം.എല്‍.എ ഫണ്ടില്‍നിന്നു രണ്ടുകോടി, എം.പി ഫണ്ടില്‍നിന്ന് ഒന്നരക്കോടി, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളില്‍നിന്നു 2.20 കോടി എന്നീ ക്രമത്തില്‍ തുക ഈടാക്കാനാണു കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. വിവാദ തീരുമാനമടങ്ങുന്ന ഫയല്‍ ഔട്ട്‌സൈഡ് അജണ്ടയായിട്ടാണു മന്ത്രിസഭയുടെ പരിഗണനയ്‌ക്കെത്തിയത്.
ഇതിനായി ആരോഗ്യ സെക്രട്ടറി വിശ്വാസ്‌മേത്ത തയാറാക്കിയ കുറിപ്പ് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാത്തതുകൊണ്ടാണു മന്ത്രി സുധാകരന്‍ പോലും അറിയാതെ വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.
വികസന പ്രവര്‍ത്തനങ്ങള്‍ സുതാര്യമായി നടന്നിരുന്നെങ്കില്‍ സഹകരണ വകുപ്പിന്റെ പൂര്‍ണപിന്തുണ നല്‍കുമായിരുന്നുവെന്നു വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്‌തമാക്കി.
സുധാകരന്റെ കത്തിനെത്തുടര്‍ന്നു വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ആരോഗ്യസെക്രട്ടറിക്കു ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തമില്ലായ്‌മയുടെ ഒടുവിലത്തെ തെളിവാണിത്.
എസ്. നാരായണന്‍
No comments:
Post a Comment