ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്ത സി.ബി.ഐയുടെ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന പോളിറ്റ് ബ്യൂറോ നിലപാട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തള്ളി.
ലാവ്‌ലിന്‍ കേസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുന്നതു കോടതിയോടുള്ള വെല്ലുവിളിയാണെന്നു വി.എസ്. ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തില്‍ മാധ്യമപ്രകോപനങ്ങള്‍ക്കു വഴങ്ങാതെ കാത്തുവച്ച 'ബോംബുകള്‍' പി.ബിയുടെ തട്ടകത്തിലെത്തി വി.എസ്. പൊട്ടിക്കുകയായിരുന്നു.
ലാവ്‌ലിന്‍ വിവാദത്തില്‍ തന്റേതു 'സ്വതന്ത്ര നിലപാടാ'ണെന്നും അതു പി.ബി. നിലപാടില്‍നിന്നു വ്യത്യസ്‌തമാണെന്നുമാണ് അദ്ദേഹം സംശയലേശമന്യേ സൂചിപ്പിച്ചത്. പിണറായി പ്രതിയാണെന്ന സി.ബി.ഐ. റിപ്പോര്‍ട്ട് പുറത്തുവന്ന ദിവസംതന്നെ ഡല്‍ഹിയിലെത്തി സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ ധരിപ്പിച്ച നിലപാടുകളാണ് ഇപ്പോള്‍ വി.എസ്. പരസ്യമാക്കിയത്. ധനമന്ത്രി തോമസ് ഐസക്, നിയമമന്ത്രി എം. വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണു വി.എസ്. നിലപാടു വ്യക്‌തമാക്കിയത് എന്നതും ശ്രദ്ധേയമായി.
ലാവ്‌ലിന്‍ വിഷയത്തില്‍ പത്രലേഖകരുടെ കൂട്ടച്ചോദ്യശരങ്ങള്‍ക്കു നേരേ വി.എസ്. തൊടുത്ത മറുപടിശരങ്ങള്‍ എവിടെയൊക്കെ തറയ്‌ക്കുമെന്നതാണ് ഇനി അറിയാനുള്ളത്. വി.എസ്. പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത് ഇവയാണ്:
* ലാവ്‌ലിന്‍ കേസിലെ പ്രോസിക്യൂഷന്‍ ആവശ്യം സംസ്‌ഥാന മന്ത്രിസഭ ചര്‍ച്ച ചെയ്യും.
* അഴിമതി പുറത്തു കൊണ്ടുവന്ന സി.ബി.ഐ. റിപ്പോര്‍ട്ട് കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സമര്‍പ്പിച്ചതാണ്. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടതു ഡിവിഷന്‍ ബെഞ്ചാണ്.
* ഓരോ മൂന്നുമാസവും കേസിന്റെ പുരോഗതി കോടതി അവലോകനം ചെയ്‌തിരുന്നു. നിശ്‌ചയിച്ച സമയപരിധിയിലാണ് സി.ബി.ഐ. റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
* അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടായിരുന്നു. വസ്‌തുത ഇതായിരിക്കേ, അന്വേഷണത്തെ ചോദ്യം ചെയ്യുക എന്നാല്‍ കോടതിയെ വെല്ലുവിളിക്കുക എന്നാണര്‍ത്ഥം.
* ഞാന്‍ ഭരണഘടനപ്രകാരം സത്യപ്രതിജ്‌ഞ ചെയ്‌ത ജനപ്രതിനിധിയാണ്, മുഖ്യമന്ത്രിയാണ്. കോടതി നിര്‍ദേശിച്ച അന്വേഷണത്തെ ഞാന്‍ വിമര്‍ശിച്ചാല്‍ അതു സത്യപ്രതിജ്‌ഞാലംഘനമാകും.
* അന്വേഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ടാകാം. കോടതിയേയും സി.ബി.ഐയേയും വിമര്‍ശിക്കാന്‍ എനിക്കിപ്പോള്‍ ഉദ്ദേശ്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ജനം തെരഞ്ഞെടുത്ത വി.എസ്. അച്യുതാനന്ദന്‍ എന്ന ഞാന്‍, ചെയ്യേണ്ടതുതന്നെയാണു ചെയ്യുന്നത്.
* യഥാര്‍ത്ഥ കമ്യൂണിസ്‌റ്റുകാര്‍ ഒരു കാലത്തും അഴിമതിക്കാരായിട്ടില്ല, ആവുകയുമില്ല. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ എന്റെ എല്ലാ അഭിപ്രായവും ഇപ്പോള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല. കോടതിയുടെ അന്തിമവിധിക്കു ശേഷം കൂടുതല്‍ പ്രതികരിക്കും.
ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്ന പി.ബിയുടെ നിലപാടിനെക്കുറിച്ചു പാര്‍ട്ടി കേന്ദ്രനേതൃത്വത്തില്‍ നിന്നുതന്നെ വിശദീകരണം തേടണമെന്നു വി.എസ്. പറഞ്ഞു. പി.ബിയുടെ ഈ നിലപാട് ആവര്‍ത്തിക്കുന്ന കേരളത്തിലെ മന്ത്രിമാരും സത്യപ്രതിജ്‌ഞ ലംഘിക്കുകയല്ലേ എന്നു ചോദിച്ചപ്പോള്‍ അത് അവരോടുതന്നെ ചോദിക്കാനായിരുന്നു വി.എസിന്റെ മറുപടി. പിണറായി വിജയന്‍ നയിക്കുന്ന 'നവകേരളമാര്‍ച്ചി'ല്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളുടെ തുടര്‍ച്ചയായാണു വി.എസ്. ഭരണഘടന, സത്യപ്രതിജ്‌ഞ തുടങ്ങിയ കാര്യങ്ങളില്‍ വാചാലനായത്.
No comments:
Post a Comment