Tuesday, January 27, 2009
സി.ബി.ഐയെ ഒഴിവാക്കാന്‍ സര്‍ക്കാരിന് 'ഇതുവരെ' ചെലവ് 10 ലക്ഷം
കൊച്ചി: എസ്.എന്‍.സി. ലാവ്‌ലിന്‍ ഇടപാടു സി.ബി.ഐ. അന്വേഷണത്തിനു വിടരുതെന്നു വാദിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു ചെലവാക്കിയത് 9.90 ലക്ഷം രൂപ. സുപ്രീംകോടതിയിലെ രണ്ടു മുതിര്‍ന്ന അഭിഭാഷകര്‍ക്കു ഹൈക്കോടതിയില്‍ ഹാജരാകാനുള്ള പ്രതിഫലമായാണ് ഈ തുക നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായെന്നും 'ചില പ്രതികളെ' പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നും സി.ബി.ഐ. വ്യക്‌തമാക്കിയ സാഹചര്യത്തില്‍ ജനത്തിന്റെ നികുതിപ്പണത്തില്‍നിന്ന് ഇനി എത്ര കോടികള്‍ ഒഴുകുമെന്നത് അറിയാനിരിക്കുന്നതേയുള്ളൂ. സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനു പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇടപാടില്‍ ക്രൈം വാരിക ചീഫ് എഡിറ്റര്‍ ടി.പി. നന്ദകുമാറും തലശേരിയിലെ പീപ്പിള്‍സ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയുമാണു ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സി.ബി.ഐക്കു വിടുന്നതു തടയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി അഭിഭാഷകരായ സി.എസ്. വൈദ്യനാഥന്‍, ആര്‍.കെ. ആനന്ദ് എന്നിവരുടെ സേവനം തേടി. എന്നാല്‍, സര്‍ക്കാരിന്റെ വാദം തള്ളിയ ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് അനുമതി നല്‍കി. ലാവ്‌ലിന്‍ ഇടപാടില്‍ അന്നു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും സി.ബി.ഐ. കണ്ടെത്തി. വക്കീല്‍ഫീസായി 9.90 ലക്ഷം രൂപയാണു വൈദ്യനാഥന്‍ ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് 4.40 ലക്ഷമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചു പരാജയപ്പെട്ടയാളാണ് ആര്‍.കെ. ആനന്ദ്. അദ്ദേഹം 10.90 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും 5.50 ലക്ഷമാണ് അനുവദിച്ചത്. ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ 72 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിരിക്കെയാണു സുപ്രീംകോടതി അഭിഭാഷകരെ ഇറക്കുമതി ചെയ്‌തത്. 72 സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പള ഇനത്തില്‍ മാത്രം പ്രതിമാസം 13.39 ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന് 2007 ജൂണില്‍ വിവരാവകാശ നിയമപ്രകാരം നിയമവകുപ്പില്‍നിന്നു ലഭിച്ച മറുപടിയില്‍ വ്യക്‌തമാക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment