Friday, January 23, 2009
ക്രിമിനല്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടന്നു-സി.ബി.ഐ.
ലാവലിന്‍: പിണറായി ഒമ്പതാം പ്രതി കൊച്ചി: എസ്.എന്‍.സി. ലാവലിന്‍ കരാറില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഢാലോചനയും അധികാര ദുര്‍വിനിയോഗവും നടത്തിയതായി സി.ബി.ഐ. കണ്ടെത്തി. ഈ അഴിമതി കേസില്‍ അദ്ദേഹത്തെ ഒന്‍പതാം പ്രതിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ. കുറ്റപത്രം തയ്യാറാകുമ്പോള്‍ കേസില്‍ പതിനൊന്ന് പ്രതികളുണ്ടാകും. അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സി.ബി.ഐ. നല്‍കിയിട്ടുള്ള റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തലുകള്‍. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത് ഹൈക്കോടതിയാണ്. ജനവരി 27-ന് റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. കേസ് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കുറ്റപത്രം എന്ന് നല്‍കുമെന്ന് സി.ബി.ഐ. വെളിപ്പെടുത്തിയിട്ടില്ല. പിണറായി വിജയനെയും മറ്റ് ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനായി ഗവര്‍ണറുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിക്കായി സി.ബി.ഐ. അപേക്ഷിച്ചിട്ടുണ്ട്. അനുമതി കിട്ടിയ ശേഷം കുറ്റപത്രം സി.ബി.ഐ. പ്രത്യേക കോടതിയില്‍ നല്‍കും. ഇടുക്കി ജില്ലയിലെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കാനും നവീകരിക്കാനുമായി കാനഡയിലെ ലാവലിന്‍ കമ്പനിയുമായിട്ടാണ് 1997-ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കരാര്‍ ഒപ്പുവെച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് ഈ കരാറില്‍ തികച്ചും നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. സംസ്ഥാന മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചും ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ചിലരുടെ കടുത്ത എതിര്‍പ്പുകള്‍ പാടെ തട്ടിയകറ്റിയും മറികടന്നുമാണ് ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതെന്ന് സി.ബി.ഐ. ആരോപിച്ചു. ഈ നിയമവിരുദ്ധമായ കരാര്‍മൂലം സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപയോളം നഷ്ടമുണ്ടായിട്ടുണ്ട്. എസ്.എന്‍.സി. ലാവലിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ എന്ന് സി.ബി.ഐ. പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് വ്യക്തികളെയും സാക്ഷികളെയും പ്രതികളെയും വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് പിണറായി വിജയന് ഈ കരാറില്‍ ഉണ്ടായിരുന്ന താത്‌പര്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തുവന്നതെന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ.യുടെ ചെന്നൈ ഡിവൈ.എസ്.പി. അശോക് കുമാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കരാറിനെ എതിര്‍ത്ത ഉദ്യോഗസ്ഥരെയെല്ലാം അവരില്‍ സമ്മര്‍ദം ചെലുത്തി പിണറായി വിജയന്‍ പിന്തിരിപ്പിച്ചുവെന്നും നിയമവിരുദ്ധമായ പ്രവൃത്തികള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും സി.ബി.ഐ. ആരോപിച്ചു. ഈ കരാറിന്റെ ഗൂഢാലോചനയ്‌ക്ക് തുടക്കം കുറിച്ചത് അന്നത്തെ ഇലക്‌ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. മോഹനചന്ദ്രനായിരുന്നു. ഇതില്‍ പിന്നീട് ബോര്‍ഡിന്റെ ചെയര്‍മാനായ ആര്‍. ശിവദാസും പങ്കുവഹിച്ചു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുത്താന്‍ അദ്ദേഹവും കരുക്കള്‍ നീക്കി. പിണറായി വിജയനുമായി ഒത്തുചേരുകയും ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയാകുകയും ചെയ്‌ത മറ്റൊരു പ്രതിയാണ് മുന്‍ ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ്. പിണറായിയുടെ നിയമവിരുദ്ധമായ താത്‌പര്യങ്ങള്‍ക്ക് തണലായി നിന്നത് അദ്ദേഹമാണ്. നിര്‍ണായകമായ പല വിവരങ്ങളും മറച്ചുവെച്ച് കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായിക്ക് ഫ്രാന്‍സിസിന്റെ സഹായം കിട്ടിയിരുന്നു. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാടേ മറികടന്നുകൊണ്ടാണ് കരാര്‍ നടപ്പിലാക്കിയത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളിലെ ഉപകരണങ്ങളില്‍ ചിലത് മാറ്റിയാല്‍ മതിയെന്നും 100 കോടി രൂപയ്‌ക്ക് അറ്റകുറ്റപ്പണികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുമായിരുന്നു ബാലാനന്ദന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തത്. അതും മറ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും നിരസിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെയും അനുമതി പ്രസ്‌തുത കരാറിനായി നേടിയിരുന്നില്ലെന്നും ഇത് നിയമവിരുദ്ധമാണെന്നും സി.ബി.ഐ. ആരോപിക്കുന്നു. ഹൈക്കോടതിയുടെ 2007 ജനവരി 17-ലെ ഉത്തരവ് പ്രകാരമാണ് ലാവലിന്‍ കേസ് സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഏറ്റെടുത്തത്. ഒരു വര്‍ഷവും പത്ത് മാസവും കൊണ്ട് അന്വേഷണം പൂര്‍ത്തിയായി.
Subscribe to:
Post Comments (Atom)
No comments:
Post a Comment