മന്ത്രിമന്ദിരങ്ങളില്‍ വൈദ്യുതി ധാരാളിത്തം
കൊച്ചി: വൈദ്യുതി പ്രതിസന്ധിയില്‍ നാട്ടുകാര്‍ നട്ടം തിരിയുമ്പോഴും മന്ത്രിമാരുടെ മണിമന്ദിരങ്ങളില്‍ വൈദ്യുതി ഉപയോഗം മേലോട്ട്. ഊര്‍ജ സംരക്ഷണ സന്ദേശ പ്രചാരണത്തിനു വേണ്ടി കോടികള്‍ ചെലവിട്ടു പ്രൈമറി സ്‌കൂളിലെ കുട്ടികളെ വരെ ബോധവല്‍കരിച്ചിട്ടും വൈദ്യുതി നിയന്ത്രണം സ്വന്തം വീട്ടില്‍ നടപ്പാക്കാന്‍ ഭൂരിപക്ഷം മന്ത്രിമാര്‍ക്കും കഴിഞ്ഞിട്ടില്ല.ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയശേഷവും മന്ത്രിമന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം കൂടിയിട്ടേയുള്ളൂവെന്നു വൈദ്യുതി ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്‌തമാക്കുന്നു. മന്ത്രിമാര്‍ക്ക് ഊര്‍ജ സംരക്ഷണ ബോധവല്‍കരണം ഉണ്ടായിട്ടില്ല; അതല്ലെങ്കില്‍ നിയന്ത്രണം തങ്ങള്‍ക്കു ബാധകമല്ലെന്നു നടിക്കുന്നു. മന്ത്രിമാര്‍ ഇരുട്ടിലാകാതെ എ.സിയുടെ ശീതളിമയില്‍ കഴിയുന്നതിന്റെ ചെലവു ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് എടുക്കുന്നതിനാല്‍ ബില്ലുകള്‍ കൃത്യമായി അടയ്‌ക്കുന്നുണ്ട്. പണം ഖജനാവില്‍ നിന്നായതിനാല്‍ അധിക നിരക്കിനെയും സര്‍ചാര്‍ജിനെയും പേടിക്കുകയും വേണ്ട. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്തു കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ത്തന്നെ സ്‌കൂളുകളില്‍ സെമിനാറുകള്‍ തുടങ്ങി. പത്രമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു പുറമേ ലഘുലേഖകളും പുറത്തിറക്കി. ഊര്‍ജ സംരക്ഷണത്തെപ്പറ്റി സൂപ്പര്‍ താരങ്ങളെയും അണിനിരത്തി ദൃശ്യമാധ്യമങ്ങളില്‍ ഫെബ്രുവരി മുതല്‍ 55 ദിവസം കാമ്പയിന്‍ നടത്തി. 2007 ഏപ്രില്‍ മുതല്‍ ഊര്‍ജ സംരക്ഷണ സന്ദേശ പ്രചാരണത്തിനായി 1.58 കോടി രൂപയാണ് ചെലവിട്ടതെന്നു കെ.എസ്.ഇ.ബി. വെളിപ്പെടുത്തി.കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 മുതല്‍ അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് നിലവില്‍ വന്നു. ജൂലൈ, ഒക്‌ടോബര്‍ മാസങ്ങളിലായി ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ ഉപയോക്‌താക്കള്‍ക്കു പവര്‍ കട്ടിനും തീരുമാനമെടുത്തു. ഇങ്ങനെ പൊതുജനത്തെയും വ്യവസായികളെയും വലച്ചെങ്കിലും വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തില്‍ മന്ത്രിമാര്‍ക്കു കുലുക്കമുണ്ടായില്ല.2008 ജനുവരിയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ 8030-4 കണ്‍സ്യൂമര്‍ നമ്പറില്‍ 5457 യൂണിറ്റ് (36717 രൂപ) ആയിരുന്നു ഉപഭോഗം. ഒക്‌ടോബര്‍ മാസത്തിലെ ബില്ല് 42252 രൂപയുടേതാണ് (5827 യൂണിറ്റ്). അദ്ദേഹത്തിന്റെ തന്നെ 8527-4 കണ്‍സ്യൂമര്‍ നമ്പറില്‍ വൈദ്യുതി ഉപയോഗം ഇല്ലെങ്കിലും പ്രതിമാസം 2605 രൂപയുടെ ബില്ല് അടയ്‌ക്കുന്നുണ്ട്.എം. വിജയകുമാര്‍ - ജനുവരി 1278 യൂണിറ്റ് (8528 രൂപ); ഒക്‌ടോബര്‍ 1499 യൂണിറ്റ് (10690 രൂപ). എന്‍.കെ. പ്രേമചന്ദ്രന്‍ - ജനുവരി 1560 യൂണിറ്റ് (10330 രൂപ); ഒക്‌ടോബര്‍ 1468 യൂണിറ്റ് (10477 രൂപ). എം.എ. ബേബി - ജനുവരി 1382 യൂണിറ്റ് (9688 രൂപ); ഒക്‌ടോബര്‍ 1844 യൂണിറ്റ് (13644 രൂപ). പാലോളി മുഹമ്മദ് കുട്ടി - ജനുവരി 1418 യൂണിറ്റ് (9808 രൂപ); ഒക്‌ടോബര്‍ 1999 യൂണിറ്റ് (14565 രൂപ). ജനുവരിയില്‍ 7220 രൂപയുടെ ബില്ലുവന്ന ബിനോയ് വിശ്വത്തിനു ജൂണില്‍ 9687 രൂപയുടെയും ഒക്‌ടോബറില്‍ 7697 രൂപയുടെയും ബില്ലാണ് കിട്ടിയത്. നാവുകൊണ്ടു ഷോക്കടിപ്പിക്കുന്ന ജി. സുധാകരന്‍ വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലും ജനത്തെ ഷോക്കടിപ്പിച്ചു. അദ്ദേഹത്തിന്റെ 'അജന്ത'യില്‍ ജനുവരിയില്‍ 405 രൂപയായിരുന്ന ബില്ല് നവംബറില്‍ 8218 രൂപയായി ഉയര്‍ന്നു. ടൂറിസം ഗസ്‌റ്റ് ഹൗസില്‍ ഫെബ്രുവരിയില്‍ 1950 രൂപയും ഒക്‌ടോബറില്‍ 2166 രൂപയുമാണ് വൈദ്യുതി ബില്ല്. എല്ലായിടത്തും നവംബറിലെ ഉപഭോഗം കുറഞ്ഞിട്ടുണ്ട്.ജനുവരിയില്‍ 1142 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച കെ.പി. രാജേന്ദ്രന്‍ ഉപഭോഗം സെപ്‌റ്റംബറില്‍ 753 യൂണിറ്റായി കുറച്ച് മാതൃക കാട്ടി. നവംബറില്‍ അദ്ദേഹത്തിന്റെ ഉപഭോഗം 938 യൂണിറ്റാണ്. മൂന്ന് കണക്ഷനുള്ള എസ്. ശര്‍മയും മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്ന മോന്‍സ് ജോസഫും വൈദ്യുതി ഉപയോഗത്തില്‍ പിശുക്കു കാട്ടിയിട്ടുണ്ട്.മന്ത്രിമാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ ധാരാളിത്തം കാട്ടുമ്പോള്‍ ഉദ്യോഗസ്‌ഥന്മാര്‍ ഒപ്പം നില്‍ക്കാത്തതു ശരിയല്ലല്ലോ! ബോര്‍ഡ് സെക്രട്ടറി എം. സുബൈറിന്റെ വീട്ടില്‍ ജനുവരി മാസം 364 യൂണിറ്റ് ആയിരുന്നത് സെപ്‌റ്റംബറില്‍ 545 യൂണിറ്റും നവംബറില്‍ 541 യൂണിറ്റുമായി. ഈ വീട് പൂട്ടിയിട്ടിരിക്കുകയാണെന്നു വൈദ്യുതി ബോര്‍ഡ് പറയുന്നു; എന്നാല്‍ വൈദ്യുതി ചെലവാകുന്നത് എങ്ങനെയെന്നു വ്യക്‌തമാക്കിയിട്ടില്ല. മന്ത്രിമാരുടെ വൈദ്യുതി ഉപയോഗത്തിനൊപ്പം ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ഭാരവാഹിയായ അഡ്വ. ഡി.ബി. ബിനു വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ ഔദ്യോഗിക വസതിയിലെ കണക്കുകളും ആവശ്യപ്പെട്ടെങ്കിലും മറുപടി കിട്ടിയില്ല. ഇതിനെതിരേ വിവരാവകാശ കമ്മിഷനെ സമീപിക്കാനാണ് അഡ്വ. ബിനുവിന്റെ തീരുമാനം.
No comments:
Post a Comment