Tuesday, January 27, 2009
പി.ബിക്കു വി.എസ്. നല്‍കിയത് ശക്‌തമായ തെളിവുകള്‍
ഇടുക്കി: സി.ബി.ഐ. അന്വേഷണം പൂര്‍ത്തിയാക്കിയ ലാവ്‌ലിന്‍ കേസില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പി.ബിക്കു കൈമാറിയത് അനിഷേധ്യമായ തെളിവുകള്‍. ഒന്‍പതാം പ്രതിയായ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ. അനുമതി തേടിയയുടന്‍ ഡല്‍ഹിയില്‍ പറന്നെത്തിയ വി.എസ്. മൂന്നുപേജുള്ള കത്തിനു പുറമേ മുന്നൂറു പേജുള്ള തെളിവുകളുടെ പകര്‍പ്പും പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനു കൈമാറി. സി.എ.ജിക്കു ലഭിക്കാത്ത സുപ്രധാനമായ പല രേഖകളും മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്നത്രേ. പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റണമെന്നും അദ്ദേഹം നയിക്കുന്ന 'നവകേരളയാത്ര' തടയണമെന്നും ഭരണഘടനാലംഘനം നടത്തിയ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനെതിരേ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിണറായി നയിക്കുന്ന 'നവകേരളയാത്ര'യില്‍നിന്നു വി.എസ്. വിട്ടുനില്‍ക്കുമെന്നാണു സൂചന. കത്തു പരിശോധിച്ചശേഷം സമ്പൂര്‍ണ പി.ബി. ചേര്‍ന്നു തീരുമാനമെടുക്കാമെന്നും അതുവരെ മൗനം പാലിക്കണമെന്നുമാണു പാര്‍ട്ടി നേതൃത്വം വി.എസിനോടു നിര്‍ദേശിച്ചത്. ഒരു ഘട്ടം കഴിഞ്ഞാല്‍ പിണറായിയെ പി.ബി. കൈവിടുമെന്ന സൂചനയും വി.എസിനു ലഭിച്ചെന്നറിയുന്നു. ക്രമക്കേടിനെപ്പറ്റി പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍തന്നെ പിണറായിയെ സെക്രട്ടറിസ്‌ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു വി.എസ്. കത്തു നല്‍കിയിരുന്നു. അടുത്ത റിപ്പോര്‍ട്ട്‌വരെ കാത്തിരിക്കാനായിരുന്നു അന്നു കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ക്രമക്കേടു സി.എ.ജി. സ്‌ഥിരീകരിച്ചതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു മുന്നൂറുപേജുള്ള രേഖകള്‍ കൈമാറി. അത് ഔദ്യോഗിക വിഭാഗത്തെ പ്രകോപിപ്പിച്ചതിന്റെ ഫലമായിട്ടായിരുന്നു വി.എസിനു സീറ്റ് നിഷേധിച്ചത്. വൈദ്യുതിമന്ത്രിയായിരുന്ന പിണറായിയുടെ നേതൃത്വത്തില്‍ കാനഡയില്‍ എത്തിയാണു കണ്‍സള്‍ട്ടന്‍സി കരാര്‍, സപ്ലൈ കരാറാക്കാന്‍ തീരുമാനിച്ചത്. ഈ യോഗത്തിന്റെ മിനിട്‌സിന്റെ വിശദാംശം സി.ബി.ഐക്കും ലഭ്യമാക്കിയിരുന്നു. യാതൊരു പഠനവുമില്ലാതെയാണു മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിനു 374 കോടി വാഗ്‌ദാനം ചെയ്‌തു മടങ്ങിയത്. തിരിച്ചെത്തിയശേഷം കരാറുണ്ടാക്കി.മാസങ്ങള്‍ക്കുശേഷം ദേശീയ ജലവൈദ്യുതി കോര്‍പറേഷന്റെ അഭിപ്രായം വൈദ്യുതി ബോര്‍ഡ് ആരാഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്റെ നൂറുകോടിയോളം ഗ്രാന്റ് ലഭിക്കുമെങ്കില്‍ തരക്കേടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീടു മന്ത്രിസഭായോഗത്തിന്റെ അജണ്ടയില്‍നിന്ന് ഈ വ്യവസ്‌ഥ മറച്ചുവച്ചു.വെട്ടിത്തിരുത്തിയ മിനിട്‌സിന്റെ പകര്‍പ്പും മുഖ്യമന്ത്രി പി.ബിക്കു കൈമാറിയ രേഖകളില്‍ ഉള്‍പ്പെടുന്നുവെന്നാണു സൂചന. ഈ മിനിട്‌സ് സി.ബി.ഐക്ക് ആദ്യം ലഭ്യമായിരുന്നില്ല. പിന്നീടു വൈദ്യുതിമന്ത്രിയുടെ ഓഫീസില്‍നിന്നാണ് ഇതു കിട്ടിയതത്രേ. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഭരണസമിതിയുടെ യോഗ മിനിട്‌സ് ഉള്‍പ്പെടെ നിരവധി രേഖകള്‍ പി.ബിക്കു വി.എസ്. കൈമാറി. മന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത തീരുമാനത്തെത്തുടര്‍ന്ന് ഉണ്ടാക്കിയ കരാറിലെ ക്രമക്കേടാണു സി.ബി.ഐ. ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഒരുവിധത്തിലും പിണറായിക്ക് ഉത്തരവാദിത്തത്തില്‍നിന്നു കൈകഴുകാനാകില്ലെന്നു പി.ബിയെ വി.എസ്. ധരിപ്പിച്ചെന്നാണ് അറിയുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment