Friday, January 23, 2009

രണ്ടും കല്‍പിച്ചു വി.എസ്‌. പക്ഷം: ഊരാക്കുടുക്ക്‌
ലാവ്ലിന്‍ കസ് : എല്ലാവരും വലയി​േ​ലക്ക്. ന്യൂഡല്‍ഹി/തിരുവനന്തപുരം: സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ അഴിമതിക്കേസില്‍ പ്രതിയായതിനേത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാവാതെ സി.പി.എം. നേതൃത്വം ഊരാക്കുടുക്കില്‍. എസ്‌.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ പോളിറ്റ്‌ ബ്യൂറോ പിണറായിയെ സംരക്ഷിക്കുന്ന നിലപാടു സ്വീകരിച്ചെങ്കിലും പ്രശ്‌നത്തില്‍ വി.എസ്‌. പക്ഷം കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നതു പാര്‍ട്ടി നേതൃത്വത്തിനു കീറാമുട്ടിയായി. പിണറായിയെ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റണമെന്നും പിണറായിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി 'നവകേരളയാത്ര' അനുവദിക്കരുതെന്നും വി.എസ്‌. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനോട്‌ ആവശ്യപ്പെട്ടതായി സൂചനയുണ്ട്‌.സംസ്‌ഥാന സെക്രട്ടറി, കേന്ദ്രകമ്മിറ്റിയംഗം, പി.ബി. അംഗം എന്നീ പദവികള്‍ വഹിക്കുന്ന പിണറായി അഴിമതിക്കേസില്‍ പ്രതിയായ സാഹചര്യത്തില്‍, പാര്‍ട്ടി എങ്ങനെ വ്യാഖ്യാനിച്ചാലും ജനത്തെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നു വി.എസ്‌. കാരാട്ടിനെ ബോധ്യപ്പെടുത്തി. തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കും. പിണറായിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന പക്ഷം കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും വി.എസ്‌. കേന്ദ്രനേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്‌ച പ്രത്യേക പോളിറ്റ്‌ ബ്യൂറോ യോഗം വിളിക്കാമെന്നു കാരാട്ട്‌ ഉറപ്പുനല്‍കിയത്‌. ലാവ്‌ലിന്‍ കേസിനെ രാഷ്‌ട്രീയമായി നേരിടാന്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചെങ്കിലും അതെങ്ങനെയെന്നതാണു പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുള്ള പ്രശ്‌നം. ഇന്നലെച്ചേര്‍ന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ കേസിനെ നേരിടാനുള്ള ചില തന്ത്രങ്ങള്‍ക്കു രൂപം നല്‍കി. പാര്‍ട്ടി നേതാക്കളും ഇടതുമുന്നണി നേതാക്കളും ലാവ്‌ലിന്‍ കേസില്‍ പരസ്യപ്രതികരണത്തിനു മുതിരില്ല. അതിനായി ചുമതലപ്പെടുത്തിയ നേതാക്കള്‍ മാത്രമാകും പ്രതികരിക്കുക. പാര്‍ട്ടിമാധ്യമങ്ങളിലൂടെ ശക്‌തമായ പ്രചാരണവും നടത്തും. വ്യാഴാഴ്‌ചത്തെ സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാതിരുന്ന വി.എസ്‌. ഇന്നലെയും പങ്കെടുത്തില്ല. പിണറായി സെക്രട്ടറി സ്‌ഥാനം ഒഴിയണമെന്നു പാര്‍ട്ടിവേദികളിലെല്ലാം ആവശ്യപ്പെടാനാണു വി.എസ്‌. പക്ഷത്തിന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത ഘട്ടത്തില്‍ പിണറായിയെ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തുനിന്നു മാറ്റുന്ന തരത്തിലുള്ള നടപടികള്‍ക്കു മുതിരില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നും പാര്‍ട്ടിക്ക്‌ ആശങ്കയുണ്ട്‌. ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ അടുത്തയാഴ്‌ച പ്രത്യേക പി.ബി. യോഗം ചേരുമെന്ന ഉറപ്പുമായാണു വി.എസ്‌. ന്യൂഡല്‍ഹിയില്‍നിന്നു മടങ്ങിയത്‌. ലാവ്‌ലിന്‍ കേസില്‍ പിണറായി ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ. വെളിപ്പെടുത്തലിനേത്തുടര്‍ന്നു സംഘടനാപരമായ ചില നടപടികള്‍ക്കു പി.ബി. നിര്‍ബന്ധിതമാകുമെന്ന പ്രതീക്ഷയിലാണു വി.എസ്‌. പക്ഷം. ഏറെനാളുകള്‍ക്കു ശേഷം പിണറായിപക്ഷത്തെ പ്രതിരോധത്തിലാക്കാനായതിന്റെ ആവേശമുണ്ടെങ്കിലും പി.ബിയും സംസ്‌ഥാന സെക്രട്ടേറിയറ്റും ലാവ്‌ലിന്‍ പ്രശ്‌നത്തില്‍ പിണറായി വിജയനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 'നടപടിയെടുപ്പിക്കാന്‍' വി.എസ്‌. പക്ഷത്തിനു വിയര്‍പ്പൊഴുക്കേണ്ടിവരും. ലാവ്‌ലിന്‍ സംബന്ധിച്ച സംഘടനാ ചര്‍ച്ചകള്‍ക്കു 30-നകം പി.ബിയുടെ പൂര്‍ണയോഗം വിളിക്കുമെന്ന ഉറപ്പുനേടിയാണു വി.എസ്‌. ഡല്‍ഹിയില്‍നിന്നു മടങ്ങിയത്‌. അതുവരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അരുതെന്നു വി.എസിനു നിര്‍ദേശമുണ്ട്‌. ലാവ്‌ലിന്‍ അന്വേഷണം രാഷ്‌ട്രീയപ്രേരിതമാണെന്നു പി.ബി. പ്രസ്‌താവിച്ചുകഴിഞ്ഞ സ്‌ഥിതിക്ക്‌ പിണറായിക്കെതിരേ എങ്ങനെ നടപടിയെടുക്കുമെന്ന ചോദ്യവും രാഷ്‌ട്രീയവൃത്തങ്ങളില്‍ ഉയരുന്നു. പി.ബിയില്‍നിന്ന്‌ ഇലയ്‌ക്കും മുള്ളിനും കേടില്ലാത്ത തീരുമാനത്തിനാണു കൂടുതല്‍ സാധ്യത. കടുത്ത നടപടികള്‍ ഉണ്ടായാല്‍തന്നെ അതു ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാകും

No comments: