Tuesday, January 27, 2009

ടെക്‌നിക്കാലിയയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തില്‍ വഴിത്തിരിവാകും

കൊച്ചി: ലാവ്‌ലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ടെക്‌നിക്കാലിയ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നു സൂചന.ഇക്കാര്യം പുറത്തു വരുന്നതോടെ മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്റെ നില കൂടുതല്‍ പരുങ്ങലിലാകും. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കെട്ടിട നിര്‍മാണം നടത്തിയതു ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കാലിയയായിരുന്നു. കാന്‍സര്‍ സെന്ററിനു ലാവ്‌ലിന്‍ ധനസഹായം നല്‍കിയത്‌ ഈ കമ്പനി വഴിയാണ്‌. കരാറിലോ ധാരണാ പത്രത്തിലോ കമ്പനിയെക്കുറിച്ചു സൂചിപ്പിച്ചിട്ടില്ല. ഈ കമ്പനിയുമായി ചെന്നൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഭൂമാഫിയ തലവനു ബന്ധമുണ്ടെന്ന വാര്‍ത്തയും സി.പി.എമ്മിനെ വലയ്‌ക്കുന്നു.ലാവ്‌ലിനില്‍നിന്നും ലഭിക്കുന്ന തുക കെ.എസ്‌.ഇ.ബി. വഴിയല്ല വരുന്നതെന്നും ഈ തുക ലഭിക്കുമെന്ന്‌ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ ബോര്‍ഡ്‌ സെക്രട്ടറി ഊര്‍ജവകുപ്പ്‌ സെക്രട്ടറിക്കു കത്തയച്ചിരുന്നു. അന്നു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ ഇക്കാര്യം അറിഞ്ഞില്ലെന്നു നടിക്കുകയായിരുന്നു. കെട്ടിട നിര്‍മാണത്തിന്റെ ചെലവുകള്‍ ഈ കമ്പനി അധികൃതര്‍ തന്നെ തയാറാക്കുകയായിരുന്നെന്നും സര്‍ക്കാരിന്‌ ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും മുന്‍ വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ 'മംഗള'ത്തോടു പറഞ്ഞു.പിണറായി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 30നു പി.ബി. യോഗം കൂടാനിടയില്ലെന്ന്‌ ഏകദേശം വ്യക്‌തമായി. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തിയശേഷം ഫെബ്രുവരി മൂന്നിനു പി.ബി. കൂടാനാണ്‌ ഇപ്പോള്‍ ഏകദേശ ധാരണയായിരിക്കുന്നത്‌. മുഖ്യമന്ത്രി ചെയര്‍മാനായി ആരംഭിച്ച മലബാര്‍ കാന്‍സര്‍ സൊസൈറ്റിയുടെ അക്കൗണ്ടില്‍ സംഭാവനയായി ഒന്നും എത്തിയിട്ടില്ല. അക്കൗണ്ട്‌ തുടങ്ങാന്‍ വേണ്ട 300 രൂപ മാത്രമാണു സൊസൈറ്റിയുടെ 'സമ്പാദ്യം'. നായനാരെ നോക്കുകുത്തിയാക്കി ടെക്‌നിക്കാലിയയ്‌ക്ക് അനുകൂലമായ നിലപാടാണു വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍ സ്വീകരിച്ചത്‌

No comments: